ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ അവന്‍ അവസരം അര്‍ഹിക്കുന്നില്ല: തുറന്നടിച്ച് ഡേവിഡ് വാര്‍ണര്‍

ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കളിക്കാനുള്ള സന്നദ്ധത അറിയിച്ച സ്റ്റാര്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ നിരാശപ്പെടുത്തി മുന്‍ താരം ഡേവിഡ് വാര്‍ണര്‍. റെഡ്-ബോള്‍ ക്രിക്കറ്റില്‍ കുറച്ച് മാത്രം പരിചയമുള്ള മാക്‌സ്‌വെല്ലിന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടുന്നത് ബുദ്ധിമുട്ടാണെന്ന് വാര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ആദ്യം ക്വീന്‍സ്ലന്‍ഡിനെതിരായ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നുവെങ്കിലും മറ്റ് റെഡ്‌ബോള്‍ മത്സരങ്ങളൊന്നും കളിച്ചില്ലെന്ന കാര്യം മനസില്‍വെച്ചാണ് വാര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. മാക്സ്വെല്‍ കൂടുതല്‍ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങള്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹം പറയുന്നതില്‍ കാര്യമുണ്ടായിരുന്നെന്നാണ് വാര്‍ണര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ മാക്സ്വെല്‍ ടെസ്റ്റ് കളിക്കാനുള്ള അവസരം അര്‍ഹിക്കുന്നില്ലെന്നാണ് വാര്‍ണര്‍ തീര്‍ത്ത് പറയുന്നത്.

തന്റെ കരിയറില്‍ ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ 26.07 ശരാശരിയില്‍ 339 റണ്‍സാണ് നേടിയിട്ടുള്ളത്. 2017ല്‍ ബംഗ്ലാദേശിനെതിരെയാണ് അദ്ദേഹം തന്റെ അവസാന ടെസ്റ്റ് കളിച്ചത്.

മാക്സ്വെല്ലിനെ കൂടാതെ, ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ തന്റെ ലഭ്യത ഉറപ്പിക്കാന്‍ സ്റ്റാര്‍ സ്പിന്നര്‍ ആദം സാമ്പയും കൈകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ഡിസംബര്‍ 31ന് ആരംഭിക്കാനിരിക്കുന്ന ബിഗ് ബാഷ് ലീഗിന്റെ വരാനിരിക്കുന്ന പതിപ്പില്‍ മാക്സ്വെല്ലും വാര്‍ണറും പങ്കെടുക്കും.