ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ടീമിന്റെ ലിമിറ്റഡ് ഫോര്‍മാറ്റ് കോച്ച് റോബ് വാള്‍ട്ടര്‍. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡി കോക്ക്, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് ശേഷം ഏകദിനവും മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളോടും വിടപറയാന്‍ ക്വിന്റണ്‍ ഡി കോക്ക് പദ്ധതിയിട്ടിരുന്നതായി റോബ് വാള്‍ട്ടര്‍ വെളിപ്പെടുത്തി.
ഇന്ത്യയില്‍ നടന്ന ലോകകപ്പിന് ശേഷം ഞാന്‍ ക്വിന്റണ്‍ ഡി കോക്കിനോട് സംസാരിച്ചിരുന്നു. ഏകദിനത്തില്‍ നിന്നല്ല, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാനാണ് അദ്ദേഹം ശരിക്കും പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ തീരുമാനം എടുക്കരുതെന്ന് ഞാന്‍ ഡി കോക്കിനോട് ആവശ്യപ്പെട്ടു,” ഇന്ത്യയ്ക്കെതിരായ ടീമിനെ പ്രഖ്യാപിക്കുന്നതിനിടെ റോബ് വാള്‍ട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമം എടുത്ത ഡി കോക്ക് 2024ലെ ടി20 ലോകകപ്പില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദിന ലോകകപ്പില്‍ ക്വെന്റണ്‍ ഡി കോക്ക് മികച്ച പ്രകടനമാണ് നടത്തിയത്. ലോകകപ്പില്‍ മിന്നുന്ന ഫോമിലായിരുന്ന താരം 10 കളികളില്‍ നിന്ന് 4 സെഞ്ചുറികളോടെ 594 റണ്‍സാണ് നേടിയത്.
Read more
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമിയില്‍ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ലോകകപ്പിലെ ടീമിന്റെ ടോപ് സ്‌കോററായി താരം മാറി. 54 ടെസ്റ്റുകളില്‍ നിന്ന് 6 സെഞ്ച്വറികളോടെ 3300 റണ്‍സും 155 ഏകദിനങ്ങളില്‍ 21 സെഞ്ച്വറികളടക്കം 6770 റണ്‍സും 80 ടി20യില്‍ ഒരു സെഞ്ച്വറിയോടെ 2277 റണ്‍സുമാണ് ക്വിന്റണ്‍ ഡി കോക്കിന്റെ സമ്പാദ്യം.