ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ മിസ്റ്റർ കൺസിസ്റ്റന്റ് അവനാണ്, അത്രത്തോളം മികച്ച താരമാണ് അദ്ദേഹം; നവ്‌ജ്യോത് സിംഗ് സിദ്ദു പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 8 വിക്കറ്റിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനലുകളിലൊന്നായിരുന്നു ഇത് എന്നത് നിസംശയം പറയാൻ സാധിക്കും. എതിരാളികളെ 113 റൺസിന് പുറത്താക്കിയ ശേഷം, 10.3 ഓവറിൽ കൊൽക്കത്ത റൺ ചെയ്‌സ് പൂർത്തിയാക്കി. വെങ്കിടേഷ് അയ്യർ പുറത്താകാതെ 50 റൺസെടുത്ത് ടീമിനെ മറ്റൊരു വിജയത്തിലേക്ക് നയിച്ചു. സീസണിലെ മോശം തുടക്കത്തിന് ശേഷം, താരം കൊൽക്കത്തയ്ക്കായി സ്ഥിരതയാർന്ന സ്കോർ ചെയ്തു.

ഹൈദരാബാദിനെതിരായ ക്വാളിഫയർ 1-ൽ അദ്ദേഹം ആദ്യം അർദ്ധ സെഞ്ച്വറി തികച്ചു. നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ 8 വിക്കറ്റിന് വിജയിച്ച് ഫൈനലിൽ പ്രവേശിച്ചു. ലീഗ് ഘട്ടത്തിൻ്റെ അവസാന ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ രണ്ട് മത്സരങ്ങളിൽ അയ്യർ 70 ഉം 42 ഉം സ്‌കോർ ചെയ്തു. 29 കാരനായ ഇടംകൈയ്യൻ ബാറ്ററെ ബാറ്റിലെ സ്ഥിരതയാർന്ന പ്രകടനത്തിന് മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിംഗ് സിദ്ധു പ്രശംസിച്ചു.

“വെങ്കടേഷ് അയ്യർ ഐപിഎൽ 2024-ൻ്റെ മിസ്റ്റർ കൺസിസ്റ്റൻ്റാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഏറ്റവും പ്രാധാന്യമുള്ളപ്പോൾ അദ്ദേഹം മിന്നുന്ന ഇന്നിങ്‌സുകൾ കളിച്ചു. ലീഗ് ആരംഭിച്ചപ്പോൾ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. എന്നാൽ ടൂർണമെൻ്റിൻ്റെ രണ്ടാം ഘട്ടത്തിൽ തൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു.”

“ക്വാളിഫയർ 1ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അദ്ദേഹം അദ്ഭുതപ്പെടുത്തി, ഫൈനലിൽ അതേ ടീമിനെതിരെയും തൻ്റെ പ്രകടനം ആവർത്തിച്ചു. അതാണ് സ്ഥിരത. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിജയത്തിൽ അയ്യർ തൻ്റെ പങ്ക് വഹിച്ചു, ”സ്റ്റാർ സ്പോർട്സിൽ അദ്ദേഹം പറഞ്ഞു.

അതേസമയം രണ്ട് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ക്വാളിഫയർ 1 ലും അദ്ദേഹം അവാർഡ് നേടിയിരുന്നു.