'അവന്‍ സ്പിന്നിന്റെ മാസ്റ്റര്‍ ആണ്'; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് പോണ്ടിംഗ്

ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ സ്പിന്നിന്റെ മാസ്റ്റര്‍ എന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനായി കളത്തിലിറങ്ങുമ്പോള്‍ അശ്വിനിത് തന്റെ 100-ാം ടെസ്റ്റ് മത്സരമാണ്. പോണ്ടിംഗ് അശ്വിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോണ്ടിംഗ് പരിശീലകനായ ഡല്‍ഹി ക്യാപിറ്റല്‍സിനായി അശ്വിന്‍ കളിച്ചിട്ടുണ്ട്.

ഏത് അവസ്ഥയിലും അവന്‍ സ്പിന്നിന്റെ മാസ്റ്റര്‍ ആണ്. അവന്‍ ഒരു അവിശ്വസനീയ കളിക്കാരനാണ്, ഡല്‍ഹിയില്‍ ഏതാനും വര്‍ഷം അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. ക്രിക്കറ്റില്‍ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ പങ്കുവെക്കാനുണ്ട്, അത് എനിക്ക് ഇഷ്ടമാണ്.

അവന്‍ വ്യത്യസ്തമായ ഒരു ബോളറാണ്, കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്തിട്ടുണ്ട്. പരമ്പരകളില്‍ നിന്ന് പരമ്പരകളിലേക്ക് പുതിയ വ്യതിയാനങ്ങളുമായി വരുന്നത് അദ്ദേഹം നിര്‍ത്തിയിട്ടില്ല. അദ്ദേഹം ഡല്‍ഹിയുടെ ഭാഗമായിരുന്നപ്പോള്‍, തന്റെ ബോളിംഗില്‍ പുതിയ എന്തെങ്കിലും ചേര്‍ക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. ബാറ്ററെ പുറത്താക്കാനുള്ള വഴികള്‍ അദ്ദേഹം സ്വയം കണ്ടെത്തുന്നു- പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

100 ടെസ്റ്റ് മത്സരങ്ങള്‍ എന്ന നാഴികക്കല്ല് തികയ്ക്കുന്ന 14-ാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ തന്നെ അശ്വിന്‍ 500 വിക്കറ്റ് എന്ന നേട്ടം കൈവരിച്ചിരുന്നു.