എന്നെ ചിരിപ്പിക്കുന്ന ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ എനിക്ക് സന്തോഷം വരും: രോഹിത് ശർമ്മ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്തിടെ തൻ്റെ സഹതാരം ഋഷഭ് പന്തിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ടീമിന് ചിരിയും പോസിറ്റിവിറ്റിയും കൊണ്ടുവരാനുള്ള വിക്കറ്റ് കീപ്പർ-ബാറ്ററുടെ കഴിവിനെ പ്രശംസിച്ച ഇന്ത്യൻ നായകൻ പന്ത് ഉള്ളപ്പോൾ ടീമിൽ കാര്യങ്ങൾ സന്തോഷകരം ആയിരിക്കുമെന്ന് ഇന്ത്യൻ നായകൻ പറഞ്ഞു.

“ക്ലബ് പ്രേരി ഫയർ” എന്ന പരിപാടിയിൽ ഒരു പോഡ്‌കാസ്‌റ്റ് അവതരണത്തിനിടെ രോഹിത് ശർമ്മ വെളിപ്പെടുത്തി, തന്നെ സ്ഥിരമായി ചിരിപ്പിക്കുന്ന കളിക്കാരൻ ഋഷഭ് പന്താണെന്ന്. “എല്ലാ യുവാക്കളും വളരെ ഊർജ്ജസ്വലരാണ്, പക്ഷേ ആരെങ്കിലും എന്നെ കൂടുതൽ ചിരിപ്പിക്കുന്നുണ്ടെങ്കിൽ അത് ഋഷഭ് പന്താണ്. അവൻ ഒരു ഭ്രാന്തനാണ്! ”രോഹിത് പറഞ്ഞു.

ചെറുപ്പം മുതലേ ഋഷഭ് പന്തിൻ്റെ കഴിവുകൾ കണ്ടറിഞ്ഞ രോഹിത് ശർമ്മ അയാളുടെ യാത്രയെ പ്രശംസിച്ചു. “അവന്റെ കുട്ടിക്കാലം മുതൽ ഞാൻ അവനെ നിരീക്ഷിക്കുന്നു. അവന്‌ അപകടം പറ്റിയപ്പോൾ ഞാൻ ആകെ തളർന്നു. അവൻ കളിക്കളത്തിൽ തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്.” രോഹിത് പറഞ്ഞു.

അതേസമയം ടി20 ലോകകപ്പിൻ്റെ ടീമിനെ തീരുമാനിക്കാൻ ബിസിസിഐ അധ്യക്ഷൻ അജിത് അഗാർക്കർ, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവരുമായി ഒരു യോഗത്തിലും പങ്കെടുത്തില്ലെന്നും ഇത് സംബന്ധിച്ച് വന്ന വാർത്തകൾ തെറ്റ് ആണെന്നും പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. രോഹിത്, ദ്രാവിഡ്, അഗാർക്കർ എന്നിവർ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കായി മുംബൈയിൽ ഒത്തുചേർന്നതായി രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രമുഖ ഇന്ത്യൻ വാർത്താ ദിനപത്രം റിപ്പോർട്ട് ചെയ്തു. അതിൽ പറഞ്ഞത് അവർ രണ്ട് പ്രാഥമിക വിഷയങ്ങൾ ചർച്ച ചെയ്തു- ഹാർദിക് പാണ്ഡ്യയ്ക്ക് ഉറപ്പ് നൽകാൻ കൂടുതൽ സ്ഥിരമായി പന്തെറിയേണ്ടതുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽവിരാട് കോഹ്‌ലി ക്യാപ്റ്റൻ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും എന്നുമായിരുന്നു.