'ഒരു സെഞ്ച്വറി നേടാനുള്ള അവസരമാണ് അവന്‍ തുലച്ചുകളഞ്ഞത്': ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്‍റെ ബാറ്റിംഗ് സമീപനത്തെ ചോദ്യം ചെയ്ത് സിദ്ദു

ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ മികച്ച രീതിയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ തന്റെ ഇന്നിംഗ്സ് വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ താരം പരാജയപ്പെട്ടു. ഷക്കിബ് അല്‍ ഹസനെതിരേ നിരവധി മികച്ച ഷോട്ടുകള്‍ കളിച്ച താരം ഒടുവില്‍ ഒരു അലസ ഷോട്ടിലൂടെ ഷക്കീബിന് തന്നെ കീഴടങ്ങി. സൂപ്പര്‍ 8 ക്ലാഷിലെ രോഹിത്തിന്റെ ഈ സമീപനത്തെ മുന്‍ ഇന്ത്യന്‍ താരം നവ്ജ്യോത് സിംഗ് സിദ്ദു ചോദ്യം ചെയ്തു.

മികച്ച തുടക്കത്തിന് ശേഷം നിങ്ങളുടെ വിക്കറ്റ് വലിച്ചെറിയുന്നത് നല്ലതല്ല. രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി നേടാനുള്ള അവസരം ലഭിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ താരത്തിന് പിഴച്ചു. അദ്ദേഹം ഫോറും ഒരു സിക്‌സും അടിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടു, അത് തുടരേണ്ടതായിരുന്നു- നവജ്യോത് സിംഗ് സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. 11 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 23 റണ്‍സാണ് ശര്‍മ നേടിയത്. 3.4 ഓവറില്‍ വിരാട് കോഹ്ലിയുമായി 39 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിക്കാന്‍ താരത്തിനായി.

അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ഫിഫ്റ്റി നേടിയെങ്കിലും അതിനുശേഷം മികച്ച പ്രകടനമൊന്നും ഉണ്ടായിട്ടില്ല.