2019 ഐപിഎൽ ഫൈനൽ ഞങ്ങൾ തോൽക്കാൻ കാരണം അവൻ, അത് ഇല്ലെങ്കിൽ..., വമ്പൻ വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന

ഇന്ത്യൻ പ്രീമിയർ ലീഗ് 2019 ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റപ്പോൾ ഉണ്ടായ ടീം അന്തരീക്ഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുൻ താരം സുരേഷ് റെയ്‌ന.ടീമിനെ ലീഗിൽ നിന്ന് വിലക്കിയ രണ്ട് സീസണുകൾ ഒഴികെ സുരേഷ് റെയ്‌ന തൻ്റെ ഐപിഎൽ കരിയർ മുഴുവൻ സിഎസ്‌കെയ്‌ക്കൊപ്പം ചെലവഴിച്ചു.

2016, 2017 സീസണുകളിൽ ഗുജറാത്ത് ലയൺസിനായി കളിച്ച റെയ്‌ന 2021ൽ സിഎസ്‌കെയ്‌ക്കൊപ്പം തൻ്റെ ഐപിഎൽ സീസണിലെ അവസാന മത്സരം കളിച്ചു. 2019ലെ ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് (എംഐ) തോൽവി ഏറ്റുവാങ്ങിയപ്പോൾ സിഎസ്‌കെ ക്യാമ്പിൽ സംഭവിച്ച കാര്യങ്ങളാണ് റെയ്ന പറഞ്ഞത്‌.

സിഎസ്‌കെ ഡ്രസിങ് റൂം മറ്റ് ടീമുകളുടേതിൽ നിന്ന് വ്യത്യസ്തം ആണെന്നും അതിൽ ഒരു കൂൾ സമീപനം ഉണ്ടെന്നും പറഞ്ഞ റെയ്ന 2019 ഫൈനലിൽ തോറ്റ ശേഷം തങ്ങൾ എല്ലാവരും കരഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഐപിഎൽ 2019 ഫൈനലിൽ എംഐക്കെതിരെ തങ്ങൾ തോൽക്കാൻ കാരണം മുംബൈയുടെയും രോഹിത് ശർമ്മയുടെ മികച്ച ക്യാപ്റ്റൻസിയാണെന്ന് റെയ്‌ന പറഞ്ഞു. ഒരു റൺസിന് ആയിരുന്നു അന്ന് ചെന്നൈ പരാജയപ്പെട്ടത്.

” ആ മത്സരത്തിലെ തോൽവിക്ക് ശേഷമുള്ള ദിവസങ്ങൾ അതികഠിനമായിരുന്നു. ഞങ്ങൾ ജയിക്കുമെന്ന് കരുതിയ സ്ഥലത്ത് നിന്നാണ് തോറ്റത്. ജഡേജയുടെ ഷോട്ട് ശ്രമം പിഴച്ചു പോയതും, ധോണിയും വാട്സണും റൺഔട്ട് ആയതും ഞങ്ങൾക്ക് തിരിച്ചടിയായി. അവസാന ഓവറുകളിൽ രോഹിത്തിന്റെ ക്യാപ്റ്റൻസിയും കിടിലമായിരുന്നു. രണ്ട് മാസങ്ങൾ നന്നായി അധ്വാനിച്ച ശേഷം ഇങ്ങനെ ഒരു തോൽവി ഒരു ടീമെന്ന നിലയിൽ ഞങ്ങളെ തളർത്തി.” റെയ്ന പറഞ്ഞു.

Read more