ഐപിഎൽ ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത ലേലം വിളി അവനായി നടക്കും, ടീമുകളുടെ പേഴ്സ് അവൻ കാലിയാക്കും: ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും ചെലവേറിയ താരമായി ഋഷഭ് പന്ത് മാറുമെന്ന് ആകാശ് ചോപ്ര. ഐപിഎൽ 2025 ലേലത്തിൽ വിക്കറ്റ് കീപ്പർ-ബാറ്ററെ 25 കോടിയിലധികം രൂപയ്ക്ക് വാങ്ങാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നിലധികം ഫ്രാഞ്ചൈസികൾ താരത്തിന് പിന്നാലെ പോകുമെന്ന് ചോപ്ര പറയുന്നു.

നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ മെഗാ ലേലം നടക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിബിസിഐ) അടുത്തിടെ സ്ഥിരീകരിച്ചു. അടുത്തിടെ അവസാനിച്ച കിവി ടെസ്റ്റിലെ മികച്ച പ്രകടനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള അഭിനന്ദനം ആണ് പന്തിന് കിട്ടുന്നത്.

തൻ്റെ യൂട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട ഒരു വീഡിയോയിൽ, അടിസ്ഥാന വില 2 കോടിയായി നിശ്ചയിച്ച ഇന്ത്യൻ കളിക്കാരെക്കുറിച്ച് സംസാരിക്കുകയും പന്തിനെ വൻ തുകയ്ക്ക് വിൽക്കാൻ കഴിയുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

“ഒരുപാട് ഇന്ത്യൻ താരങ്ങൾ 2 കോടിയുടെ കാറ്റഗറിയിൽ ഉണ്ട്. കെ എൽ രാഹുലും ഋഷഭ് പന്തും ഉൾപ്പെടുന്ന ധാരാളം ഇന്ത്യൻ താരങ്ങൾ ഇതിൽ ഉണ്ട്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ കളിക്കാരനാകാം ഋഷഭ് പന്ത്. അദ്ദേഹത്തിന് 25-26 കോടി വരെ എന്തായാലും കിട്ടും” ചോപ്ര പറഞ്ഞു.

പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്), റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) എന്നിങ്ങനെയുള്ള ടീമുകൾ താരത്തിനായി ശ്രമിക്കും എന്നും ചോപ്ര പറഞ്ഞു. “കുറഞ്ഞത് മൂന്ന് ടീമുകളെങ്കിലും അവനായി ഇറങ്ങും. പഞ്ചാബിന് 110 കൊടിയും ബാംഗ്ലൂരിന് 83 കോടിയുമുണ്ട്. അവർ പരസ്പരം പോരടിക്കുമ്പോൾ ധാരാളം പണം അവനായി ചിലവഴിക്കുമെന്ന് എനിക്ക് തോന്നുന്നു,” അദ്ദേഹം പറഞ്ഞു.

രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ തുടങ്ങിയ താരങ്ങൾക്ക് വേണ്ടി വമ്പൻ മത്സരം ആയിരിക്കും നടക്കുക.