റൺ ഒന്നും എടുക്കാതെ ടീമിൽ പിടിച്ചുനിൽക്കാൻ അവൻ ഇംഗ്ലീഷ് ഇതിഹാസം മൈക്ക് ബ്രെർലി അല്ല, ചവിട്ടി പുറത്താക്കും: റമീസ് രാജ

പാകിസ്ഥാൻ ക്യാപ്റ്റൻ ആയ ഷാൻ മസൂദിനെതിരെ തുറന്നടിച്ച് മുൻ താരം റമീസ് രാജ. ബാറ്റ് കൊണ്ട് റൺസ് സ്കോർ ചെയ്യണം എന്നും അല്ലെങ്കിൽ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകും എന്നാണ് റമീസ് രാജ പറയുന്നത്. ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ നാണം കേട്ട തോൽവിയാണ് പാകിസ്ഥാൻ നേടിയത്. ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഷാൻ മസൂദ് മോശമായ പ്രകടനമാണ് ടീമിൽ നടത്തിയത്. ആദ്യ ഇന്നിങ്സിൽ അദ്ദേഹം 6 റൺസും രണ്ടാം ഇന്നിങ്സിൽ 14 റൺസുമാണ് നേടിയത്. അദ്ദേഹത്തെ വിമർശിച്ച് റമീസ് രാജ സംസാരിച്ചു.

റമീസ് രാജ പറയുന്നത് ഇങ്ങനെ:

“ഷാൻ മസൂദ് ആദ്യം നന്നായി ബാറ്റ് ചെയ്യണം, എന്നിട്ട് വേണം അദ്ദേഹം തന്റെ തന്ത്രങ്ങളും അറിവുകളും മത്സരത്തിൽ ഉപയോഗിക്കാൻ. അദ്ദേഹം ഒരുപാട് മത്സരങ്ങൾ ക്യാപ്റ്റനായി രാജ്യത്തിന് വേണ്ടിയും പിഎസ്എല്ലിലെ ടീമുകൾക്ക് വേണ്ടി നയിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം എങ്ങനെ ആണ് ഇത് പോലെ പ്രകടനം കാണിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. ബോൾ ഏത് ഡയറൻഷനിൽ പോകുന്നത് എന്ന് അദ്ദേഹം മനസിലാകുന്നില്ല. ഷാനിന്റെ ബാറ്റിംഗ് മികവ് താഴേക്കാണ് പോകുന്നത്. ഒരുപാട് മത്സരങ്ങൾ പൂജ്യത്തിനു പുറത്തായിട്ടും ടീമിൽ സ്ഥിരമായി നിൽക്കാൻ അദ്ദേഹം മൈക്ക് ബ്രെർലി ഒന്നും അല്ലല്ലോ. ഇനിയും ഒരുപാട് അദ്ദേഹം ബാറ്റിങ്ങിൽ മികവ് തെളിയിക്കാൻ ഉണ്ട്”
റമീസ് രാജ പറഞ്ഞു.

അടുത്ത മത്സരത്തിന് മുൻപ് പാകിസ്ഥാൻ ടീമിൽ അഴിച്ച് പണിക്കുള്ള സാധ്യത കൂടുതൽ ആണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ബാബർ ആസമിനും, ഷാൻ മസൂദിനും അടുത്ത മത്സരം നിർണായകമാണ്. ഓഗസ്റ്റ് 30 ന് ആണ് ബംഗ്ലാദേശുമായുള്ള അവസാന ടെസ്റ്റ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.