പരമ്പര വിജയങ്ങള്‍ കൊണ്ടോ കപ്പുകളുടെ എണ്ണം കൊണ്ടോ അളക്കാന്‍ കഴിയുന്നതല്ല അയാളുടെ മഹത്വം, അടുത്ത 10 വര്‍ഷത്തെ ചുവടുകള്‍ ഭദ്രം!

പരിശീലകന്‍ എന്നനിലയില്‍ മൂന്നുവര്‍ഷത്തോളം നീണ്ട കാലയളവിലെ തന്റെ സേവനമവസാനിപ്പിച്ച് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങി. പുതിയ കോച്ച്ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കും.കളിക്കുന്ന കാലം മുതല്‍ തന്നെ ഒഴിവാക്കിയ ഒരു ഫോര്‍മാറ്റില്‍ തന്റെ ടീമിനെ ലോക ജേതാക്കളാക്കിക്കൊണ്ടാണ് അയാള്‍ ഗുഡ്‌ബൈ പറയുന്നത്. അതും ഒരിക്കല്‍ താന്‍ ടീംക്യാപ്റ്റനായിരുന്നപ്പോള്‍ ഒരു ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തോറ്റ്പുറത്തായത്തിന്റെ കണ്ണീര് വീണ മണ്ണില്‍ വെച്ചാകുമ്പോള്‍ അതിന് മധുരം കൂടും.തന്റെ അവസാന പരിശീലക വര്‍ഷത്തില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തന്റെ ടീമിനെ അയാള്‍ ഫൈനലിലെത്തിച്ചു.ആദ്യ രണ്ടില്‍ കണ്ണീരണിഞ്ഞു; ഒടുവില്‍ കിരീടവും.

കളിക്കാരന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് വിരമിച്ച ദ്രാവിഡിനെ പിന്നീട് നമ്മള്‍ കാണുന്നത് കമന്ററി ബോക്‌സിലായിരുന്നു. ഒരു മികച്ച കമന്റേറ്റര്‍ക്ക് വേണ്ട ഉച്ചാരണശുദ്ധിയും പദസമ്പത്തും വിശകലനമികവും കളിയുടെ അവസ്ഥാന്തരങ്ങളെ മനസ്സിലാക്കാനുള്ള കഴിവുമെല്ലാം വേണ്ടുവോളമുണ്ടായിട്ടും തന്റെ ഇടം അതല്ല എന്ന് വേഗം തിരിച്ചറിയാന്‍ ദ്രാവിഡിനായി.തുടര്‍ന്ന് ജൂനിയര്‍ തലത്തില്‍ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലനം, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ പരിശീലനത്തില്‍ സജീവമായി. ശാസ്ത്രിക്ക് മുമ്പ് തന്നെ ദ്രാവിഡിനെ കോച്ചാക്കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും,രവി ശാസ്ത്രി രാജിവച്ച ശേഷവും ഏറെ പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ദ്രാവിഡ് ചുമതലയേറ്റത്. താനൊരു സപ്പോര്‍ട്ടിംഗ് സ്റ്റാഫാണെന്നും ആരുടെയും മുതലാളിയല്ലെന്നും ക്യാപ്റ്റനെയും സഹ കളിക്കാരെയും നിരന്തരം ബോധ്യപ്പെടുത്തിയാണയാള്‍ ഈ മൂന്നു വര്‍ഷവും പ്രവര്‍ത്തിച്ചത്. ജൂനിയര്‍ തലത്തില്‍ പരിശീലകന്‍ എന്ന നിലയില്‍ നേരിട്ട വെല്ലുവിളികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇവിടെ കാര്യങ്ങള്‍. വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു പ്രധാന വെല്ലുവിളി. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് അവസാന കിരീടം. 2015 2019 ഏകദിന സെമിഫൈനലുകള്‍, 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിങ്ങനെയാണ് അതിനുശേഷമുള്ള കണക്കുകള്‍.

മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്തമായ ടീം സെലക്ഷനായിരുന്നു ആദ്യ പ്രശ്‌നം. കളിക്കാര്‍ മാറിമാറി വരും. പരിശീലകന്‍ മാറില്ല.(മുന്‍പും അങ്ങനെയായിരുന്നെങ്കിലും ഇത്രത്തോളംസങ്കീര്‍ണ്ണമായിരുന്നില്ല) സാങ്കേതികത, ഗെയിം പ്ലാന്‍, കായികക്ഷമത, കളിക്കാരുടെ ചുമതലകള്‍, ഇവയെല്ലാം ഓരോ കളിക്കാരനെയും ബോധ്യപ്പെടുത്തണം. ഇതിനെല്ലാം മികച്ച ആശയവിനിമയ ശേഷി അനിവാര്യം. ചുമതല ഏറ്റെടുക്കുന്ന സമയത്ത് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ നിന്ന് രോഹിത്തിലേക്ക് മാറുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ മാറുമ്പോഴുള്ള ശൈലിമാറ്റവും പ്രധാനം. മറ്റൊരു പ്രധാന കാര്യം ക്രിക്കറ്റ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു വ്യവസായം കൂടിയാണ്. അതുകൊണ്ട് മാച്ചുകളുടെ സന്തുലിതാവസ്ഥയൊന്നും ഇവിടെ പാലിക്കപ്പെടില്ല. മറ്റു ക്രിക്കറ്റ് ടീമുകള്‍ക്ക് അതിനൊക്കെ സൗകര്യമുണ്ട്. അങ്ങനെ വരുമ്പോള്‍ മൂന്നു ഫോര്‍മാറ്റുകളെയും ഒരുമിച്ചു കൊണ്ടുപോകുന്ന ഒരു മധ്യമപാത വേണ്ടിവരും. എന്നാല്‍ ഇതിനെയെല്ലാം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ദ്രാവിഡിനെയാണ് നാം പിന്നീട് കാണുന്നത്.

ഇന്ന് ഇന്ത്യന്‍ ടീമിലുള്ള ഏകദേശം 80 ശതമാനം കളിക്കാരും ജൂനിയര്‍ തലത്തില്‍ ദ്രാവിഡിന്റെ മെന്റര്‍ഷിപ്പിലൂടെ കടന്നുവന്നവരാണ്. കളിക്കാരെ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്താനാണ് ദ്രാവിഡ് ശ്രമിച്ചത്. പ്രകടനമികവ് സമ്മര്‍ദ്ദ തന്ത്രങ്ങളുടെ പരിണിതഫലം അല്ലെന്ന് അയാള്‍ ഉറച്ച് വിശ്വസിച്ചു. പൂജാര, രഹാനെ, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ്മ എന്നിവരെ പരമാവധി പിന്തുണച്ചു.അതിനുശേഷം മാത്രമാണ്, പ്രകടനമികവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ടുപോകൂ എന്ന് അവരെ ബോധ്യപ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ കളിക്കാരെ ടീമില്‍ നിന്ന് ഒഴിവാക്കുന്നത് കളിക്കാരെ സംബന്ധിച്ച് മാനസിക ദുരന്തങ്ങള്‍ കൂടി സമ്മാനിച്ചായിയിരുന്നു.എന്നാല്‍ ദ്രാവിഡ് അവരുമായി നിരന്തരം ആശയവിനിമയം നടത്തി. പ്രകടനമികവുണ്ടെങ്കില്‍ ആര്‍ക്കും ഇനിയും അവസരമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തി.

2023 ഏകദിന ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറിന്റെ ആഴംനഷ്ടപ്പെടാതിരിക്കാന്‍ പകരം അശ്വിനെ കളിപ്പിക്കണം എന്നായിരുന്നു വിദഗ്‌ധോപദേശം. എന്നാല്‍ ദ്രാവിഡിന്റെ ചോയ്‌സ് ഷമിയായിരുന്നു. ഇന്ത്യ ഫൈനല്‍ വരെ കളിച്ചത് ഷമിയുടെ ചിറകിലേറിയാണ് എന്നത് ചരിത്രം. ദ്രാവിഡിന്റെകാഴ്ചപ്പാടിന് മറ്റൊരു ഉദാഹരണം കൂടി പറയാം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സീനിയര്‍ താരങ്ങളായ കോഹ്ലി,കെ എല്‍ രാഹുല്‍,രവീന്ദ്ര ജഡേജ തുടങ്ങിയ പ്രമുഖ കളിക്കാരുടെ അഭാവത്തില്‍ പൂജാരയിലേക്കുംരഹാനയിലേക്കും മടങ്ങാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ ദ്രാവിഡ് യുവതാരങ്ങള്‍ക്ക് വേണ്ടി ഉറച്ചുനിന്നു. പരമ്പരവിജയം മാത്രമല്ല ഇന്ത്യ നേടിയത്. സമീപഭാവിയില്‍ ആശങ്കകള്‍ ഇല്ലാത്ത ഒരു ടെസ്റ്റ് ടീമിനെ കൂടിയാണ്. മറ്റൊരു പ്രധാന കാര്യം കളിക്കാര്‍ക്കുള്ള വിശ്രമമാണ് മൂന്ന് ഫോര്‍മാറ്റിലും നിരന്തരം കളിക്കേണ്ടി വരുന്ന കളിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചു. റിസള്‍ട്ടിനെക്കുറിച്ചും തന്റെ സ്ഥാനത്തെ കുറിച്ചുംഅയാള്‍ക്ക് വേവലാതിയില്ലായിരുന്നു.അതുകൊണ്ടുണ്ടായ മറ്റൊരു നേട്ടം,വിശ്വസിക്കാവുന്ന ഒരു രണ്ടാംനിര രൂപപ്പെട്ടുവന്നു എന്നതാണ്. ബുംറ,ഷമി, ഹാര്‍ദ്ധിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ തുടങ്ങിയവരുടെ പരിക്കുകള്‍ ആയിരുന്നു മറ്റൊരു സംഗതി.അവരുടെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതില്‍ NCA യുമായി നിരന്തരമായിബന്ധപ്പെട്ട് വേണ്ടത്ര ഫോളോ അപ്പ് നടത്തി.മറ്റൊരു പരിശീലകനും ഇത്രത്തോളം ആത്മാര്‍ഥത അത്തരം കാര്യങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന് കളിക്കാര്‍ സാക്ഷ്യം പറയുന്നു.

സൂക്ഷ്മത, സ്ഥിരത, ഏകാഗ്രത, സാങ്കേതികത്തികവ്, ആവശ്യമുള്ളപ്പോള്‍ മാത്രമുള്ള ആക്രമണാത്മകത, നിസ്വാര്‍ത്ഥത ഇവയൊക്കെയായിരുന്നു ഒരു കളിക്കാരന്‍ എന്ന നിലയില്‍ ദ്രാവിഡിന്റെ ഗുണങ്ങള്‍. അതിന്റെ തുടര്‍ച്ച പരിശീലകന്‍ എന്ന നിലയിലും നമുക്ക് കാണാം. ആസ്ഥാന കോച്ചുമാരുടെ ശരീരഭാഷയൊന്നും അയാള്‍ക്ക് ഉണ്ടായിരുന്നില്ല.ഷോ ഓഫ് അയാളുടെ ശൈലിയുമായിരുന്നില്ല. അയാളുടെ ആക്രമണാത്മകത നാം കണ്ടത് സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ്.ഈ ലോകകപ്പ് ഫൈനലിന്റെ അവസാന നിമിഷത്തിലടക്കം നാമത് കണ്ടതാണ്.

T20 വേള്‍ഡ് കപ്പ് ഫൈനലി്‌ന് മുമ്പ് #doitfordravid എന്ന ഹാഷ്ടാഗ് ട്രെന്റിംഗ് ആയപ്പോള്‍ ഒരു വ്യക്തിയെന്ന നിലയില്‍ താനതിനെതിരാണെന്നും ആര്‍ക്കെങ്കിലും വേണ്ടി ചെയ്യുക എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ല എന്നുമായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.’ ഞങ്ങള്‍ ലോകകപ്പ് നേടാന്‍ ആഗ്രഹിക്കുന്നു ഞാന്‍ അതില്‍ മാത്രം വിശ്വസിക്കുന്നു ആ ക്യാമ്പയിന്‍ നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങളെ ഞാന്‍ അഭിനന്ദിക്കും’ ദ്രാവിഡ് തുടര്‍ന്നു.തനിക്ക് കിട്ടുന്ന അധിക പരിഗണനകളെ മറ്റുള്ളവരിലേക്ക് തിരിച്ചുവിടുന്നതാണ് പണ്ടും അയാളുടെ രീതി. ഒരുപക്ഷേ ഗ്രെഗ് ചാപ്പലിന് കീഴില്‍ ക്യാപ്റ്റനാകേണ്ടി വന്ന ഒരാളുടെ പാഠവുമാകാമത്.

ദ്രാവിഡിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം പരമ്പരകള്‍ വിജയിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിന്റെയും ഫൈനലില്‍ എത്തി. ലോകകപ്പ് നേടി. എന്നാല്‍ പരമ്പര വിജയങ്ങള്‍ കൊണ്ടോ കപ്പുകളുടെ എണ്ണം കൊണ്ടോ അളക്കാന്‍ കഴിയുന്നതല്ല ദ്രാവിഡ് എന്ന കോച്ചിന്റെ മഹത്വം. അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത പത്തുവര്‍ഷത്തെയെങ്കിലും ഭദ്രമാക്കി വെക്കാന്‍ വേണ്ടി എടുത്ത ചുവടുകള്‍ ആണെന്ന് കാലം തെളിയിക്കും.

എഴുത്ത്: നിയാസ് ഇസ്മായില്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍