അവരുടെ പുരോഗതി കാണുമ്പോൾ എനിക്ക് ഒത്തിരി സന്തോഷം, പിള്ളേരുടെ കഠിനാദ്ധ്വാനം എന്നെ ശരിക്കും ഞെട്ടിച്ചു: സച്ചിൻ ടെണ്ടുൽക്കർ

2024ലെ ഐസിസി ടി20 ലോകകപ്പിൻ്റെ സെമിഫൈനലിലെത്തിയ അഫ്ഗാനിസ്ഥാനെ മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ പ്രശംസിച്ചു. റാഷിദ് ഖാൻ്റെ നേതൃത്വത്തിലുള്ള ടീം അവരുടെ അവസാന സൂപ്പർ 8 മത്സരത്തിൽ ബംഗ്ലാദേശിനെ 8 റൺസിന് പരാജയപ്പെടുത്തി സെമിയിലേക്ക് യോഗ്യത നേടുക ആയിരുന്നു. അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 115/5 എന്ന സ്‌കോറാണ് നേടിയത്. അത് ബംഗ്ലാദേശ് മറികടക്കുമെന്ന് ഏവരും ഓർത്തെങ്കിലും അച്ചടക്കമുള്ള ബോളിങ്ങിലൂടെ അഫ്ഗാൻ ജയിച്ച് കയറുക ആയിരുന്നു.

നവീൻ ഉൾ ഹഖും റാഷിദും നാല് വിക്കറ്റ് വീതം വീഴ്ത്തി എതിരാളികളെ 105 ൽ ഒതുക്കി. മഴയെത്തുടർന്ന് വിജയലക്ഷ്യം 17 ഓവറിൽ 114 ആയി പുനർനിർണയിച്ചു. മികച്ച ബൗളിംഗ് പ്രകടനത്തിന് നവീൻ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലൻഡിനെതിരായ വിജയത്തോടെയാണ് അഫ്ഗാനിസ്ഥാൻ തങ്ങളുടെ പോരാട്ടം തുടങ്ങിയത്. സൂപ്പർ 8 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവിസ്മരണീയമായ വിജയമാണ് അവർ നേടിയത്. 2023 ഏകദിന ലോകകപ്പ് മത്സരത്തിൽ തങ്ങളെ തോൽപ്പിച്ചവരോട് പ്രതികാരം ചെയ്യാനും ടീമിനായി.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ്റെ പുരോഗതി നിരീക്ഷിക്കുന്ന സച്ചിൻ പറഞ്ഞത് ഇങ്ങനെ “അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകളെ മറികടന്ന് സെമിഫൈനലിലേക്കുള്ള നിങ്ങളുടെ വഴി അവിശ്വസനീയമാണ്. ഇന്നത്തെ വിജയം നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും തെളിവാണ്. നിങ്ങളുടെ പുരോഗതിയിൽ അഭിമാനിക്കുന്നു. തുടരുക” അദ്ദേഹം എഴുതി.

ജൂൺ 27ന് നടക്കുന്ന ആദ്യ സെമിയിൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും.

a