അവനെ കണ്ടാണ് ഞാൻ വളർന്നത്, പിന്നെ എങ്ങനെ മോശമാകും; സൂപ്പർ താരത്തെക്കുറിച്ച് ശ്രേയസ് അയ്യർ, കോഹ്‍ലിയെയും സച്ചിനെയും ഒഴിവാക്കി പറഞ്ഞത് അപ്രതീക്ഷിത പേര്

ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യർ നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ നായകനാണ്. അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയത് രോഹിത് ശർമ്മയാണ് തൻ്റെ ബാല്യകാല ഹീറോയെന്നും അദ്ദേഹത്തെ ആരാധിച്ചാണ് താൻ വളർന്നതെന്നുമാണ്. 2017- മുതൽ വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു പേരായി മാറിയത് വളരെ പെട്ടെന്നാണ്. പരിക്കും മോശം ഫോമും ഇടക്ക് തളർത്തിയെങ്കിലും ഇന്ന് ശ്രേയസ് അയ്യർക്ക് മധ്യനിരയുടെ വിശ്വസ്തൻ എന്ന പേരുണ്ട്.

ആഭ്യന്തര മത്സരത്തിൽ നിന്ന് ഒഴിവാക്കാൻ പരിക്ക് അഭിനയിച്ച താരത്തിന് ബിസിസിഐയുടെ കേന്ദ്ര കരാർ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് നഷ്ടമായിരുന്നു. എന്നിരുന്നാലും, ടി20 ലോകകപ്പ് അടുക്കുമ്പോൾ, അപെക്‌സ് ബോഡിയുടെ വിശ്വാസം വീണ്ടെടുക്കാൻ മുംബൈ ക്രിക്കറ്റ് താരം കഠിനമായി പരിശ്രമിക്കുന്നു.

ശ്രേയസ് അയ്യർ അടുത്തിടെ പ്രശസ്ത ഹാസ്യനടൻ കപിൽ ശർമ്മ ഹോസ്റ്റ് ചെയ്യുന്ന നെറ്റ്ഫ്ലിക്സ് കോമഡി സീരീസായ ദി കപിൽ ശർമ്മ ഷോയിൽ പ്രത്യക്ഷപ്പെട്ടു. ഇരുവരും പങ്കെടുത്ത പരിപടിയിലേക്ക് രോഹിത് ശർമ്മയും എത്തി. ഹാസ്യനടൻ അവതാരകനുമായുള്ള അഭിമുഖത്തിനിടെ ക്രിക്കറ്റ് ഒരു കരിയർ ആയി തുടരാൻ തന്നെ പ്രേരിപ്പിച്ച ബാല്യകാല പ്രചോദനം പങ്കിടാൻ ശ്രേയസ് അയ്യരോട് ആവശ്യപ്പെട്ടു.

അയ്യർ പെട്ടെന്ന് തന്നെ രോഹിത് ശർമ്മയുടെ പേര് പറയുക ആയിരുന്നു. “രോഹിത് ഭായ് കുട്ടിക്കാലം മുതൽ എൻ്റെ ആരാധനാപാത്രമാണ് – അവൻ മുംബൈയിൽ നിന്നാണ്, ഞാനും മുംബൈക്കാരനാണ് – ഞാൻ അവനെ കണ്ടാണ് വളർന്നത്,” അയ്യർ പറഞ്ഞു.

എന്തായാലും കൊൽക്കത്തയെ മികച്ച രീതിയിൽ നയിക്കാൻ അയയർക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെ മുന്നോട്ട് പോകുന്ന അവർ നാളെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.