ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുംറയെ കൂടുതലായി പന്തെറിയിച്ചതിനെക്കുറിച്ച് പ്രതികരണവുമായി രോഹിത് ശർമ്മ. എന്നിരുന്നാലും, ഫാസ്റ്റ് ബൗളറുടെ ജോലിഭാരം ശരിയായി കൈകാര്യം ചെയ്യാൻ താൻ ശ്രമിച്ചു എന്നും അതുമായി ബന്ധപ്പെട്ട് ബുംറയുമായി സംസാരിച്ചു എന്നും രോഹിത് ശർമ്മ പറഞ്ഞു.
ബോർഡർ- ഗവാസ്‌ക്കർ ട്രോഫി 2024-25-ൽ ബുംറ ഇന്ത്യക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ടെസ്റ്റുകളിൽ നിന്ന്, 12.83 എന്ന അസാധാരണ ശരാശരിയിൽ 30 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്, മൂന്ന് ഫൈവ്-ഫെറുകളും രണ്ട് നാല് വിക്കറ്റ് നേട്ടങ്ങളും ആ കൂട്ടത്തിൽ ഉണ്ട്. നാല് ടെസ്റ്റുകളിലായി 140 ഓവറുകളാണ് വലംകൈയ്യൻ പേസർ ഇറക്കിയത്.
മെൽബണിൽ ഇന്ത്യയുടെ 184 റൺസിൻ്റെ തോൽവിക്ക് ശേഷമുള്ള ഒരു പത്രസമ്മേളനത്തിൽ, ബുംറയെ കൂടുതലായി പന്തെറിയിപ്പിക്കുന്ന രീതി ഒഴിവാക്കിയേക്കാം എന്ന ചിന്ത രോഹിത് പങ്കുവെച്ചു. അതേസമയം, തൻ്റെ മികച്ച ബൗളിംഗ് ഫോം ടീമിന് പരമാവധി ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു (ANI ഉദ്ധരിച്ച പ്രകാരം):
“സത്യം പറഞ്ഞാൽ, അവൻ ഒരുപാട് ഓവർ പന്തെറിഞ്ഞിട്ടുണ്ട്. അതിൽ യാതൊരു സംശയവുമില്ല. വാസ്തവത്തിൽ എല്ലാ ബൗളർമാരുടെയും ജോലിഭാരം നിങ്ങൾക്കറിയാം. എന്നാൽ ബുംറ അത്ര മികച്ച ഫോമിൽ ആയതിനാൽ തന്നെ അവന്റെ ഫോം പരമാവധി പ്രയോജനപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്.”
“എന്നാൽ നിങ്ങൾ പറയുന്നത് പോലെ അവന്റെ ജോലിഭാരം നിയന്ത്രിക്കണം എന്ന് എനിക്ക് അറിയാം. അവൻ ഞങ്ങളുടെ ഏറ്റവും മികച്ച താരമാണ്. എന്തായാലും വരുന്ന മത്സരങ്ങളിൽ ഞങ്ങൾ അവന്റെ ജോലിഭാരം നിയന്ത്രിക്കും. ഓരോ ഓവർ കഴിയുമ്പോഴും ഞാൻ അവനോട് സംസാരിക്കുമായിരുന്നു.”
മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യ സമ്മർദ്ദത്തിl വഴങ്ങിയപ്പോഴും ബുംറ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ ഇന്നിംഗ്‌സിൽ 4-99 രണ്ടാം ഇന്നിംഗ്‌സിൽ 5-57 എന്ന തകർപ്പൻ കണക്കുകളുമാണ് അദ്ദേഹം സ്വന്തമാക്കിയത്.