പ്രതീക്ഷിച്ചവര്‍ പുറത്ത്, പ്രതീക്ഷിക്കാത്തവര്‍ അകത്ത്; നീരസം പരസ്യമാക്കി ഭോഗലെ

ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒരുപിടി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവനിരയെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ അണിനിരത്തുന്നത്. കെഎല്‍ രാഹുലിനെ നായകനാക്കി 18 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാലിതില്‍ താന്‍ പ്രതീക്ഷിച്ച രണ്ട് താരങ്ങളെ കണ്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ.

‘കെഎല്‍ രാഹുലും റിഷഭ് പന്തും ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന മനസ്സോടെയായിരുന്നു ഞാന്‍ കളിച്ചത്. സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും ടീമില്‍ ഉണ്ടാവുമെന്നായിരുന്നു ഞാന്‍ കരുതിയത്. ഓസ്ട്രേലിയയിലെ ഗ്രൗണ്ടുകളില്‍ സഞ്ജു സാംസണ്‍ ഷോര്‍ട്ട് ലിസ്റ്റിലുണ്ടാവുമെന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്’ ഹര്‍ഷ ഭോഗലെ ട്വീറ്റ് ചെയ്തു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. റിഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ടീമില്‍ നിന്നും തഴയപ്പെട്ടു. പേസര്‍മാരായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍.

Read more

ഇന്ത്യന്‍ ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.