'എനിക്ക് മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി കളിക്കണം'; ആവശ്യം അറിയിച്ച് സൂപ്പര്‍ താരം

ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ മാത്രം സ്‌പെഷ്യലിസ്റ്റായി പരിഗണിക്കപ്പെടുമ്പോഴും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി കളിക്കാനുള്ള ആഗ്രഹിക്കം തുറന്നുപറഞ്ഞ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്റിംഗ് ബാറ്ററായ അദ്ദേഹം കഴിഞ്ഞ മാസം ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയെ 3-0 ന്റെ പരമ്പര വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയതോടെയാണ് സൂര്യകമാറിനെ ടി20യിലെ സ്ഥിരം നായകനാക്കിയത്.

‘എനിക്ക് മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യക്ക് വേണ്ടി കളിക്കണം. ബുച്ചി ബാബുവില്‍ കളിക്കുന്നത് ഈ സീസണിലെ റെഡ് ബോള്‍ ടൂര്‍ണമെന്റുകള്‍ക്കായി എനിക്ക് നല്ല പരിശീലനം നല്‍കും,’ സൂര്യകുമാര്‍ പറഞ്ഞു.

‘ബുച്ചി ബാബു ടൂര്‍ണമെന്റില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞ് സൂര്യ എന്നെ വിളിച്ചിരുന്നു. അവനെപ്പോലെ ഒരു കളിക്കാരനെ ആര്‍ക്കാണ് ഉള്‍പ്പെടുത്താതിരിക്കാനാകുന്നത്’ മുംബൈ ക്രിക്കറ്റ് ചീഫ് സെലക്ടര്‍ സഞ്ജയ് പാട്ടീല്‍ പറഞ്ഞു.

ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരായ പരമ്പര വരെ ഇന്ത്യ ടി20 മത്സരങ്ങളൊന്നും കളിക്കാത്തതിനാല്‍, ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിന് പ്രേരിപ്പിക്കുന്ന റെഡ്-ബോള്‍ ഗെയിമുകളുടെ മാന്യമായ ഒരു റണ്‍വേ താരത്തിന് മുന്നിലുണ്ട്. 2023 ജൂലൈയില്‍ നടന്ന കഴിഞ്ഞ സീസണിലെ ദുലീപ് ട്രോഫിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഫസ്റ്റ് ക്ലാസ് പ്രകടനം. 82 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 14 സെഞ്ച്വറികളോടെ 5628 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.