സഞ്ജുവിനെ ആദ്യം എതിർത്തത് ഞാനാണ്, എന്നാൽ ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്; സഞ്ജയ് മഞ്ജരേക്കറിന്റെ വാക്കുകൾ വൈറൽ

കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതിരുന്നിട്ടും, ടി-20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ താരമാണ് മലയാളിയായ സഞ്ജു സാംസൺ. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്ന് 3 തകർപ്പൻ സെഞ്ചുറികളാണ് സഞ്ജു അടിച്ചെടുത്തത്.

ജനുവരി 22 മുതലാണ് ഇന്ത്യ ഇംഗ്ലണ്ട് ടി-20 പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ട് ഏറ്റവും കൂടുതൽ പേടിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് സഞ്ജു സാംസൺ. നിലയുറപ്പിച്ചാൽ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം ഇംഗ്ലണ്ടിന് തിരിച്ചടിയാകും. ടി-20 ശേഷം ഏകദിനത്തിലും സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത ഉണ്ട്. സഞ്ജുവിന്റെ നിലവിലുള്ള പ്രകടനത്തെ പറ്റി വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.

സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത് ഇങ്ങനെ:

” സഞ്ജു സാംസണിന്റെ ശക്തമായ ഈ രണ്ടാം വരവിനു പിന്നില്‍ പലതുമുണ്ട്. ആത്മവിശ്വാസവും പക്വതയലുമെല്ലാം അദ്ദേഹത്തിന്റെ ബാറ്റിങില്‍ ഇപ്പോള്‍ നമുക്കു കാണാന്‍ സാധിക്കും. അതു മാത്രമല്ല, തന്റെ വിക്കറ്റിനു സഞ്ജു ഇപ്പോള്‍ കൂടുതല്‍ മൂല്യവും കല്‍പ്പിക്കുന്നുണ്ട്. കൂടാതെ വലിയ ഇന്നിങ്‌സുകളും ഇപ്പോള്‍ കളിക്കാന്‍ സാധിക്കുന്നു. ഒന്നല്ല, വീണ്ടും വീണ്ടും വലിയ ഇന്നിങ്‌സുകള്‍ താരം കളിച്ചുകൊണ്ടിരിക്കുകയാണ്. ചിലയാളുകള്‍ കരിയറില്‍ അല്‍പ്പം വൈകി ശോഭിക്കുന്നവരാണ്. സഞ്ജുവിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്”

സഞ്ജയ് മഞ്ജരേക്കർ തുടർന്നു:

ഞാന്‍ സഞ്ജു സാംസണിന്റെ വലിയൊരു ആരാധകനാണ്. എനിക്കു ഒരുപാട് ഇഷ്ടമുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. മുമ്പ് പലപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നു തോന്നിപ്പിച്ചെങ്കിലും മതിയായ റണ്‍സ് സഞ്ജുവിനു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതില്‍ മാറ്റം വന്നു കഴിഞ്ഞു. നന്നായി ബാറ്റ് ചെയ്യുന്നതിനൊപ്പം റണ്‍സും കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.