'ഒരു കളിക്കാരനെന്ന നിലയില്‍ അതിനുള്ള ഭാഗ്യം എനിക്കുണ്ടായില്ല, എന്നാല്‍ എന്റെ ഈ ആണ്‍കുട്ടികള്‍ അത് സാധ്യമാക്കി'; മനംനിറഞ്ഞ് രാഹുല്‍ ദ്രാവിഡ്

ജൂണ്‍ 29 ശനിയാഴ്ച ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന 2024 ടി20 ലോകകപ്പ് ഫൈനല്‍ ജയിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ഉചിതമായ യാത്രയയപ്പ് നല്‍കിയിരിക്കുകയാണ് ടീം ഇന്ത്യ. കളിക്കാരനെന്ന നിലയില്‍ തനിക്ക് നേടാനാകാതെ പോയത് പരിശീലകനെന്ന നിലയില്‍ എത്തിപ്പിടിക്കാനായതിലെ സന്തോഷം ദ്രാവിഡ് പങ്കുവെച്ചു.

ഒരു കളിക്കാരനെന്ന നിലയില്‍, ഒരു ട്രോഫി (ലോകകപ്പ്) നേടാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല. പക്ഷേ ഞാന്‍ കളിച്ചപ്പോഴെല്ലാം ഞാന്‍ എന്റെ പരമാവധി ശ്രമിച്ചു. ഇത് സ്പോര്‍ട്സിന്റെ ഭാഗമാണ്. ഒരു ലോകകപ്പ് കിരീടം നേടാത്ത നിരവധി കളിക്കാര്‍ ഉണ്ടായിട്ടുണ്ട്. ഈ ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. രോഹിതിനും ഈ ടീമിനുമൊപ്പം ജോലി ചെയ്യുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു.

ഞങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്‍കിയതില്‍ എനിക്ക് സന്തോഷം തോന്നുന്നു. സപ്പോര്‍ട്ട് സ്റ്റാഫിനെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ബുദ്ധിമാനായ ഒരു കൂട്ടം പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഞങ്ങള്‍ ഒരു വലിയ അന്തരീക്ഷം സൃഷ്ടിച്ചു. അത് ഈ ട്രോഫിയില്‍ കലാശിച്ചു. ആരാധകര്‍ ടീമിന് പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഇത്തരമൊരു നിമിഷം നല്‍കിയതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ഈ ടി20 ലോകകപ്പ് ഫൈനലോടെ ദ്രാവിഡുമായുള്ള ബിസിസിഐയുടെ പരിശീലക കരാര്‍ അവസാനിച്ചു. ഏകദിന ലോകകപ്പില്‍ അവസാനിച്ച കരാര്‍, ടി20 ലോകകപ്പ് വരേയ്ക്കും നീട്ടുകയായിരുന്നു. ദ്രാവിഡ് തുടരാന്‍ വിസമ്മതിച്ചതോടെ പുതിയ പരിശീലകനെ കൊണ്ടുവരാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ബിസിസിഐ.