മര്യാദക്ക് കളിക്കാൻ അറിയില്ലേൽ നിർത്തി പോണം; റിയാൻ പരാഗിനെതിരെ ആഞ്ഞടിച്ച് മുൻ പാകിസ്ഥാൻ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവി ഓൾറൗണ്ടർ അകാൻ സാധ്യത ഉള്ള താരമാണ് റിയാൻ പരാഗ്. ഈ വർഷം നടന്ന സിംബാവെ സീരീസ് മുതലാണ് റിയാൻ ഇന്ത്യൻ ടീമിൽ സ്ഥിരമായി കളിച്ച് തുടങ്ങിയത്. എന്നാൽ ഏകദിന ഫോർമാറ്റുകളിലേക്കും ഗൗതം ഗംഭീർ താരത്തിന് അവസരം നൽകി. ഓർത്ത് വെക്കാനുള്ള മികച്ച ഇന്നിങ്‌സുകൾ റിയാനിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ താരം തുടക്കത്തിൽ ഗംഭീര പ്രകടനം നടത്തിയെങ്കിലും പിന്നീട് റിയാൻ നിറം മങ്ങുകയായിരുന്നു.

ഇന്ത്യ ബി ടീമിന്റെ അംഗമാണ് റിയാൻ. അഗ്രസിവ് ആയിട്ടാണ് താരം കളിക്കുന്നത്. എന്നാൽ വിക്കറ്റുകൾ അനാവശ്യമായി എറിയുന്ന തരത്തിലുള്ള ഷോട്ടുകൾക്കും അദ്ദേഹം മുതിരുന്നുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനത്തെ കുറിച്ച് മുൻ പാകിസ്ഥാൻ താരം ബാസിത് അലി സംസാരിച്ചു.

ബാസിത് അലി പറയുന്നത് ഇങ്ങനെ:

“റിയാൻ പരാഗ് മികച്ച ബാറ്റ്സ്മാൻ തന്നെയാണ്. മിഡ് ഓഫിന് മുകളിലൂടെ ഉള്ള ഷോട്ട് ഗംഭീരമായിരുന്നു. അതൊരു ലോകോത്തര ഷോട്ട് ആയിട്ടാണ് ഞാൻ കാണുന്നത്. പക്ഷെ ചില സമയങ്ങളിൽ അദ്ദേഹം ബാറ്റിംഗിനോടും ടീമിനോടും നീതി പുലർത്തുന്നില്ല എന്ന് എനിക്ക് മനസിലായി. മര്യാദയ്ക്കുളള ബാറ്റിംഗ് അദ്ദേഹത്തിന് വശമില്ലാത്ത പോലെയാണ് കളിക്കുന്നത്. ശ്രേയസ് അയ്യരെ പോലെ അഗ്രസിവ് ആയി കളിക്കുന്നത് നല്ലതാണ്, പക്ഷെ അതിൽ നിങ്ങൾ വിജയിക്കുന്നില്ല എങ്കിൽ ഭാവിയിൽ അദ്ദേഹത്തിന് ടീമിൽ കയറുന്നതിന് വേണ്ടിയുളള അവസരങ്ങൾ നഷ്ടമാകും” ബാസിത് അലി പറഞ്ഞു.

Read more

ഇപ്പോൾ നടന്ന മത്സരത്തിൽ റിയാൻ 29 പന്തുകളിൽ നിന്ന് അഞ്ച് ഫോറുകളും, ഒരു സിക്സറുമടക്കം 37 റൺസ് നേടി ഭേദപ്പെട്ട പ്രകടനം ആണ് കാഴ്ച വെച്ചത്. ഇന്ത്യൻ പേസർ അർശ്ദീപ് സിംഗിന്റെ ബോളിൽ ദേവദത്ത് പടിക്കലിന്റെ കൈകളിലേക്ക് ക്യാച്ച് കൊടുത്താണ് റിയാൻ പുറത്തായത്.