ഇന്ത്യയോട് മുട്ടാൻ നിക്കല്ലേ, പണി പാളും; പെർത്തിൽ വീർപ്പ് മുട്ടി കങ്കാരു പട

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ സംഹാരതാണ്ഡവത്തിനാണ് ആരാധകർ സാക്ഷിയാകുന്നത്. ഒന്നാം ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ഇന്ത്യൻ ബോളർമാർ തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഓസ്‌ട്രേലിയയുടെ അവസാന ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ അവരുടെ മൂന്നു വിക്കറ്റുകളും ബോളർമാർ എറിഞ്ഞ് വീഴ്ത്തി. ജസ്പ്രീത്ത് ബുംറ 2 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 1 വിക്കറ്റുമാണ് നേടിയത്. നിലവിൽ ഓസ്‌ട്രേലിയ 12/3 എന്ന നിലയിലാണ് നിൽക്കുന്നത്.

ബാറ്റിംഗിൽ ഇന്ത്യ ഇന്ന് നേടിയത് 487 റൺസ് ആയിരുന്നു. നിലവിലെ ലീഡ് സ്കോർ 533 റൺസ് ആണ്. ഓപ്പണർമാരായ യശസ്‌വി ജൈസ്വാളും കെ എൽ രാഹുലും കൂടെ 201 റൺസ് പാർട്ട്ണർഷിപ്പ് നേടി ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമാക്കി. ഇന്നലെ 90 റൺ എടുത്ത് പുറത്താകാതെ നിന്ന ജയ്‌സ്വാൾ ഇന്ന് മൂന്നാം ദിനത്തിൽ തകർപ്പൻ സെഞ്ചുറി ആണ് നേടിയത്. ഒപ്പം രാഹുൽ നന്നായി കളിച്ച ശേഷം 77 റൺ എടുത്ത് മടങ്ങി. ശേഷം ദേവദത്ത് പടിക്കൽ 25 റൺസും നേടി പുറത്തായപ്പോൾ ഋഷഭ് പന്ത്, ദ്രുവ് ജുറൽ എന്നിവർ 1 റൺസും നേടി പുറത്തായി.

ഇതോടെ ഇന്ത്യൻ ആരാധകർക് ആശങ്കയായി. പിന്നീട് വന്ന വിരാട് കോഹ്ലി തന്റെ പഴയ ഫോം വീണ്ടും കളിക്കളത്തിൽ പ്രകടമാക്കി. 143 പന്തിൽ 100 റൺസ് ആണ് താരം നേടിയത്. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ 7 സെഞ്ചുറികൾ അദ്ദേഹം നേടി. വിരാട് കോഹ്ലിയോടൊപ്പം മികച്ച പർട്ട്ണർഷിപ്പാണ് വാഷിംഗ്‌ടൺ സുന്ദർ നൽകിയത്. 94 പന്തിൽ 29 റൺസ് ആണ് താരം നേടിയത്. അവസാനം വന്ന നിതീഷ് കുമാർ റെഡ്‌ഡിയും 27 പന്തിൽ 38 റൺസ് നേടി ഓസ്‌ട്രേലിയയെ തകർത്തു.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്പിന്നർ നാഥാൻ ലിയോൺ 2 വിക്കറ്റുകൾ സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.