ടി20 ലോകകപ്പ് 2024: തോല്‍വിയറിയാതെ ഇന്ത്യ, ആവോളം അറിഞ്ഞ് ബംഗ്ലാദേശ്, കടുവകള്‍ പടിക്ക് പുറത്ത്

ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് 50 റണ്‍സ് ജയം. മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 197 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ ആയുള്ളു.

നജ്മുന്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. താരം 32 ബോളില്‍ മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 40 റണ്‍സെടുത്തു. ലിട്ടണ്‍ ദാസ് 10 ബോളില്‍ 13, തന്‍സിദ് ഹസന്‍ 31 ബോളില്‍ 29, ഷക്കീബ് അല്‍ ഹസന്‍ 7 ബോളില്‍ 11, റിഷാദ് ഹുസൈന്‍ 10 ബോളില്‍ 24, മുഹമ്മദുള്ള 15 ബോളില്‍ 13 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ് രണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ അര്‍ദ്ധ സെഞ്ച്വറി നേടി. 27 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 50 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദ്ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

28 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 37 റണ്‍സെടുത്ത് വിരാട് കോഹ്‌ലി മികച്ചുനിന്നു. 24 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം ഋഷഭ് പന്ത് 36 റണ്‍സെടുത്തു. ശിവം ദുബെ 24 പന്തില്‍ നിന്ന് മൂന്ന് സിക്സടക്കം 34 റണ്‍സെടുത്തു. രോഹിത് 11 ബോളില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 23 റണ്‍സെടുത്തു. അക്‌സര്‍ പട്ടേല്‍ 5 ബോളില്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

സൂപ്പര്‍ എട്ടിലെ ആദ്യമത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ടാം മത്സരവും ജയിച്ച് സെമി സാധ്യത സജീവമാക്കിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയയോടും ഇപ്പോള്‍ ഇന്ത്യയോടും പരാജയപ്പെട്ട ബംഗ്ലാദേശ് സെമി കാണില്ലെന്ന് ഉറപ്പായി.