2025ലെ ചാമ്പ്യന്‍സ് ട്രോഫിയെക്കുറിച്ചുള്ള അനിശ്ചിതത്വം ലോക ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) അറിയിച്ചത് മുതല്‍ ടൂര്‍ണമെന്റിന്റെ ഭാവി ഇരുട്ടിലാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും (പിസിബി) കടുത്ത നിലപാട് തുടരുകയും ഇന്ത്യയുടേതുള്‍പ്പെടെ ചില മത്സരങ്ങള്‍ ന്യൂട്രല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഒരു ‘ഹൈബ്രിഡ് മോഡല്‍’ സാധ്യത തള്ളിക്കളയുകയും ചെയ്തു. പാകിസ്ഥാനിലേക്ക് വരാന്‍ ഇന്ത്യ സമ്മതിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് രേഖാമൂലമുള്ള പ്രതികരണം ആവശ്യപ്പെട്ട് ഐസിസിക്ക് കത്തെഴുതിയിട്ടുണ്ട്.
നിഷ്പക്ഷ വേദികളായി ചര്‍ച്ച ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ശ്രീലങ്ക, ദുബായ്, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയെ ഒരു വേദിയായി അടുത്തിടെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഒരു പിടിഐ റിപ്പോര്‍ട്ട് അവകാശപ്പെട്ടു. ഇപ്പോഴിതാ ബിസിസിഐ ഇടനാഴിക്കുള്ളില്‍ മറ്റു ചില നീക്കങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഹൈബ്രിഡ് മോഡലിന് സമ്മതിക്കില്ല എന്ന കടുത്ത നിലപാടില്‍ പാകിസ്ഥാന്‍ തുടരുകയും ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് പിന്മാറുകയും ചെയ്താല്‍ ടൂര്‍ണമെന്റിന് തങ്ങള്‍ ആതിഥേയത്വം വഹിക്കാമെന്നൊരു ചര്‍ച്ച ബിസിസിഐ നടത്തിയതായി അറിയുന്നു. ഇന്ത്യയും പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍ ക്രിക്കറ്റ് ഇവന്റിലെ മാര്‍ക്വീ മത്സരമായതിനാല്‍ പാകിസ്ഥാന്‍ പിന്‍വാങ്ങുകയാണെങ്കില്‍, ഐസിസി ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് വലിയ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
Read more
നയതന്ത്ര പ്രശ്നങ്ങള്‍ കാരണം ഏറെ നാളായി ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നില്ല. ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ എല്ലാവരുമായും പങ്കിട്ടപ്പോള്‍, വളരെ നേരത്തെ തന്നെ ആരും എതിര്‍പ്പ് ഉന്നയിച്ചില്ല. അതിനുശേഷം നടന്ന 12 ഐസിസി ബോര്‍ഡ് യോഗങ്ങളിലും ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് ബിസിസിഐ ഔപചാരികമായ ആശങ്കകളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ക്രിക്ബസ് പറഞ്ഞു.