ബുംറ കറക്കിയെങ്കിലും ദക്ഷിണാഫ്രിക്ക പതറിയില്ല; ഡിവില്ലിയേഴ്‌സും എള്‍ഗറും ക്രീസില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ടാം ടെസ്റ്റില്‍ തിരിച്ചടിയില് നിന്ന് ദക്ഷിണാഫ്രിക്ക കരകയറുന്നു. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ലീഡുയര്‍ത്തി . 28 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക വെളിച്ചക്കുറവു മൂലം മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 29 ഓവറില്‍ രണ്ട് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ചുറി നേടിയ എബി ഡിവില്ലേഴ്‌സും(50) ഡീന്‍ എള്‍ഗറുമാണ്(36) ക്രീസില്‍. ഇടയ്ക്ക് പെയ്ത മഴ മത്സരം തടസപ്പെടുത്തിയിരുന്നു.

രണ്ട് ഇന്നിംഗ്‌സുകളിലുമായി ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ 118 റണ്‍സ് ലീഡുണ്ട്. തുടക്കത്തില്‍ രണ്ട് വിക്കറ്റിന് മൂന്ന് റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഡിവില്ലേഴ്‌സ്- എള്‍ഗര്‍ സഖ്യം കരകയറ്റുകയായിരുന്നു. ഒരു റണ്‍സ് വീതമെടുത്ത എയ്ഡന്‍ മര്‍ക്രാമിനെയും ഹാഷിം അംലയെയും പേസര്‍ ജസ്പ്രീത് ഭുംമ്ര എല്‍ബിഡബ്ലുവില്‍ പുറത്താക്കി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 335 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 92.1 ഓവറില്‍ 307 റണ്‍സിന് പുറത്തായിരുന്നു.

നായകന്‍ വിരാട് കോലിയുടെ 21-ാം ടെസ്റ്റ് സെഞ്ചുറിയാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 217 പന്തില്‍ നിന്ന് 15 ബൗണ്ടറികള്‍ സഹിതമായിരുന്നു കോലിയുടെ സെഞ്ചുറി. മുരളി വിജയ്(46), ആര്‍ അശ്വിന്‍(38), പാര്‍ത്ഥീവ് പട്ടേല്‍(19), ഹര്‍ദിക് പാണ്ഡ്യ(15) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. ദക്ഷിണാഫ്രിക്കയ്ക്കായി മോണി മോര്‍ക്കല്‍ നാലും കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എന്‍കിടി, വെര്‍നോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.