അവസരത്തില്‍ എങ്ങിനെ ഉയരണമെന്ന് ഇനി പന്തിനോട് ആരും പറഞ്ഞേക്കരുത് ; പക്ഷേ ഇന്ത്യന്‍നിര പിന്നെയും പാളി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയടിച്ച് മിന്നിച്ച് ഋഷഭ് പന്ത്. കഴിഞ്ഞ ഇന്നിംഗ്‌സിലും അതിന് മുമ്പത്തെ മത്സരത്തിലും കുറഞ്ഞ സ്‌കോറുകള്‍ക്ക് പുറത്താകുന്നത് കണ്ട് കടുത്ത വിമര്‍ശനം ഉയര്‍ത്തിയവരുടെ നാവടപ്പിച്ചാണ് യുവതാരം സെഞ്ച്വറി നേടിയത്. 139 പന്തുകള്‍ നേരിട്ട പന്തിന്റെ ബാറ്റില്‍ നിന്നും നാലു സിക്‌സറുകളും ആറു ബൗണ്ടറികളുമാണ് പറന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ ചീട്ടുകൊട്ടാരമാകുമ്പോള്‍ പന്ത് അതിവേഗം സ്‌കോര്‍ ഉയര്‍ത്തി.

കഴിഞ്ഞ ഇന്നിംഗ്‌സില്‍ അര്‍ദ്ധശതകം നേടിയ ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്ലിയുടെ 71 ാം സെഞ്ച്വറി കാണാന്‍ കാത്തിരുന്നവര്‍ക്ക് പക്ഷേ നിരാശപ്പെടേണ്ടി വന്നു. കോഹ്ലി 29 റണ്‍സിന് എന്‍ഗിഡിയുടെ പന്തില്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കി മടങ്ങി. 143 പന്തുകള്‍ പ്രതിരോധിച്ചായിരുന്നു കോഹ്ലി ഈ സ്‌കോര്‍ നേടിയത്. പന്ത് സെഞ്ച്വറി നേടിയെങ്കിലും കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യയ്ക്കായില്ല. 198 റണ്‍സിന് ഇന്ത്യയൂടെ രണ്ടാം ഇന്നിംഗ്‌സും കഴിഞ്ഞു. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 211 റണ്‍സായി.

രണ്ടു ദിവസം കൂടി ടെസ്റ്റില്‍ ബാക്കി നില്‍ക്കേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നന്നായി കഷ്ടപ്പെടേണ്ടി വരും. ഇന്ത്യന്‍ നിരയില്‍ പന്തും കോഹ്ലിയൂം കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സ് നേടിയത് എക്‌സ്ട്രയായിരുന്നു. ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് ദാനം ചെയ്തത് 28 റണ്‍സാണ്. പതിവ് പോലെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായി.