'അദ്ദേഹത്തിന് കീഴിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കും'; മുഖ്യ പരിശീലകനാകാന്‍ സൂപ്പര്‍ താരത്തെ പിന്തുണച്ച് ദിനേഷ് കാർത്തിക്

ഗൗതം ഗംഭീര്‍ ടീം ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനാകുന്നതിനെ പിന്തുണച്ച്  ദിനേഷ് കാര്‍ത്തിക്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി ഗംഭീര്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ ഇന്ത്യന്‍ ടീമിലും നടപ്പിലാക്കാനാകുമെന്നും താന്‍ അത് ആഗ്രഹിക്കുന്നുവെന്നും കാര്‍ത്തിക് വ്യക്തമാക്കി.

എന്തൊരു റെക്കോഡാണ് കോച്ചെന്ന നിലയില്‍ അദ്ദേഹത്തിനുള്ളത്! എല്‍എസ്ജിയുടെ മെന്ററായി രണ്ട് തവണ പ്ലേഓഫ് യോഗ്യത നേടി. കെകെആറിനായി ട്രോഫി നേടി. കെകെആറിന് വേണ്ടി എല്ലാ തീരുമാനങ്ങളിലും അദ്ദേഹം ചുക്കാന്‍ പിടിച്ചിട്ടുണ്ട്.

നരെയ്നെ ഓപ്പണ്‍ ചെയ്യുന്നതോ മിച്ചല്‍ സ്റ്റാര്‍ക്കിനെ ലേലത്തില്‍ എടുക്കുന്നതോ ആകട്ടെ, ആ വലിയ റിക്രൂട്ട്മെന്റുകളിലെല്ലാം ഗംഭീറിന്റെ തലയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ (മുഖ്യപരിശീലകന്‍) ഭാഗമാകുമെന്ന് വാര്‍ത്തകളില്‍ കാണുന്നു. അദ്ദേഹം ആ ്സ്ഥാനത്തേക്ക് വരട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. അവനില്‍ ആ അഗ്‌നി ഉണ്ട്- കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

നിലവിലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി 2024 ലെ ടി20 ലോകകപ്പിന് ശേഷം അവസാനിക്കും. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകളില്‍ പകരം ഗൗതം ഗംഭീറിനെ പുതിയ ഇന്ത്യന്‍ കോച്ചായി നിയമിക്കുമെന്നാണ് അറിയുന്നത്.

ഒരുപിടി ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച ഗംഭീര്‍, 2012ലും 2014ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായി രണ്ട് തവണ ഐപിഎല്‍ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ടീമിന്റെ മെന്ററായി അദ്ദേഹം കെകെആറിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചു.

കെകെആറില്‍ ചേരുന്നതിന് മുമ്പ് തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ പ്ലേഓഫിലേക്ക് നയിച്ചതിനാല്‍ ഇത് ഒരു ഉപദേഷ്ടാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യോഗ്യതയെ ശക്തിപ്പെടുത്തി.