ടി20 ലോകകപ്പ് 2024: ആയുധങ്ങള്‍ മിനുക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു, കോഹ്‌ലിക്ക് പകരം സഞ്ജു കളിക്കും!

ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

ടീമിനൊപ്പം ചേരാന്‍ വൈകി എന്നതിനാല്‍ വിരാട് കോഹ്‌ലി ഇന്ന് കളിക്കില്ല. പകരം ഇന്ന് മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. കോഹ് ലിയുടെ മൂന്നാം നമ്പരില്‍ സഞ്ജു ഇറങ്ങിയേക്കും.

ഇന്ത്യയുടെ ലോകകപ്പിനു മുന്നെയുള്ള ഏക സന്നാഹ മത്സരമാണ് ഇത്. മത്സരം ഇന്ന് രാത്രി 8:00 മണിക്ക് ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും സ്ട്രീമിങും ഉണ്ടാകും.

ജൂണ്‍ 5 ന് അയര്‍ലന്‍ഡിനെതിരായ തങ്ങളുടെ ഉദ്ഘാടന പോരാട്ടത്തിന് മുന്നോടിയായി ന്യൂയോര്‍ക്കില്‍ കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ ടീം.  അയര്‍ലണ്ടിനെ നേരിടുന്നതിന് ശേഷം, ജൂണ്‍ 9 ന് പാകിസ്ഥാനുമായി ഏറ്റുമുട്ടുന്നതിനാല്‍ ഇന്ത്യന്‍ ടീമിന് ചെറിയ ഇടവേള മാത്രമേ ഉണ്ടാകൂ. ജൂണ്‍ 12 ന് ഇന്ത്യ ആതിഥേയരായ യുഎസ്എയെ നേരിടും. ജൂണ്‍ 15 ന് കാനഡയ്ക്കെതിരായ മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും.