ഇന്ത്യന്‍ ക്രിക്കറ്റ് പഴയ പ്രതാപത്തിലേക്ക്; നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഈ വര്‍ഷം ആഭ്യന്തര കലണ്ടറില്‍ ദുലീപ് ട്രോഫിയും ഇറാനി കപ്പും വീണ്ടും അവതരിപ്പിക്കും. വ്യാഴാഴ്ച ഇവിടെ നടന്ന ബോര്‍ഡിന്റെ അപെക്സ് കൗണ്‍സില്‍ യോഗത്തിലാണ് രണ്ട് ടൂര്‍ണമെന്റുകളും വീണ്ടും അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

മൂന്ന് വര്‍ഷം മുമ്പ് 2019 ല്‍ അവസാനമായി നടന്ന ദുലീപ് ട്രോഫി സോണല്‍ സംവിധാനത്തിലാണ് തിരിച്ചെത്തുന്നത്. ഇത് സെപ്തംബര്‍ 8 മുതല്‍ 25 വരെ നടക്കും. ബിസിസിഐയുടെ അഞ്ച് സോണുകളിലായി നടക്കുന്ന മത്സരങ്ങളില്‍ മൊത്തം അഞ്ച് നോക്കൗട്ട് മത്സരങ്ങള്‍ ഉണ്ടാകും.

മറുവശത്ത്, പാന്‍ഡെമിക് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി കളിക്കാതിരുന്ന രഞ്ജി ട്രോഫി ചാമ്പ്യന്‍മാരും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള മത്സരമായ ഇറാനി കപ്പ് ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 5 വരെ നടക്കും.

ഇതിന്റെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. മധ്യപ്രദേശാണ് നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാര്‍.