ടീം ഇന്ത്യയെ തേടി നാണംകെട്ട റെക്കോര്‍ഡ്

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ കുറഞ്ഞ സ്‌കോറിന് പുറത്തായി ഇന്ത്യന്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നല്ലോ. മഹേന്ദ്ര സിംഗ് ധോണി നടത്തിയ ഐതിഹാസിക ചെറുത്തുനില്‍പ്പാണ് മത്സരത്തില്‍ ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. സമീപകാലത്ത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ തോല്‍വിയായാണ് ക്രിക്കറ്റ് ലോകം ഈ പരാജയത്തെ വിലയിരുത്തുന്നത്.

അതെസമയം ടീം ഇന്ത്യയുടെ ഈ തോല്‍വി ഒരു നാണംകെട്ട റെക്കോര്‍ഡും ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ആദ്യ പവര്‍ പ്ലേ സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് ഇന്ത്യയുടെ പേരിലായത്. ആദ്യ പവര്‍ പ്ലേ ഓവറുകളായ പത്ത് ഓവറില്‍നിന്ന് ഇന്ത്യ നേടിയത് 11 റണ്‍സ് മാത്രമായിരുന്നു. ഈ സമയത്ത് മൂന്നു വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ ശ്രീലങ്കയ്‌ക്കെതിരെ 2000ല്‍ നേടിയ 54 റണ്‍സാണ്. അതേസമയം ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന റെക്കോര്‍ഡ് ശ്രീലങ്കയ്‌ക്കെതിരെയാണ്. 2004ല്‍ സിംബാബ്വെ, ശ്രീലങ്കയ്‌ക്കെതിരെ 34 റണ്‍സിനാണ് പുറത്തായത്.

മത്സരത്തില്‍ 29 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടമായ ടീം ഇന്ത്യയെ ധോണിയും കുല്‍ദീപ് യാദവും ചേര്‍ന്ന് രക്ഷിച്ചെടുക്കുകയായിരുന്നു. ഒറ്റയാള്‍ പോരാട്ടം നടത്തിയ ധോണി പ്രതികൂല സാഹചര്യത്തില്‍ 65 റണ്‍സാണ് സ്വന്തമാക്കിയത്.