ലേലത്തില്‍ കോടികള്‍ കൊയ്തവര്‍ക്ക് പരിക്ക്, പിന്മാറിയവരും കൂടുന്നു ; ഈ മലയാളിതാരം കൂടി ഐപിഎല്ലില്‍ തിരിച്ചുവരുന്നു?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു പുതിയ സീസണ്‍ കൂടി തുടങ്ങാനിരിക്കെ കേരളാക്രിക്കറ്റിന് എത്ര പ്രതീക്ഷയുണ്ട്? മെഗാലേലം കഴിഞ്ഞപ്പോള്‍ ഏറ്റവും നിരാശയുണ്ടായ ക്രിക്കറ്റ് മേഖലകളില്‍ ഒന്ന് കേരളമായിരുന്നു. കേരളാക്രിക്കറ്റിലെ ഭൂരിഭാഗം താരങ്ങള്‍ക്കും ആവശ്യക്കാര്‍ ഇല്ലായിരുന്നു. മൂന്ന് കളിക്കാര്‍ക്ക് മാത്രമാണ് ലേലത്തില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അനേകം താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചില താരങ്ങള്‍ പിന്മാറുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ മറ്റു ചില താരങ്ങള്‍ക്ക് കൂടി കളിക്കാന്‍ അവസരം കിട്ടിയേക്കും.

ഒരു ഫ്രാഞ്ചൈസികളും താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഇന്ത്യന്‍ ബൗളര്‍മാരില്‍ ചിലര്‍ പകരക്കാരായി ടീമുകളില്‍ ഇടം പിടിക്കാനൊരുങ്ങുമ്പോള്‍ മലയാളിയായ ബൗളര്‍ സന്ദീപ് വാര്യര്‍ക്കും സാധ്യതയേറുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായി മികച്ച റെക്കോര്‍ഡുള്ള സന്ദീപ് വാരിയറും ‘പകരക്കാരനായി’ ഐപിഎല്‍ കളിച്ചേക്കുമെന്നാണ് സൂചനകള്‍. 63 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 59 വിക്കറ്റുകളുണ്ടായിട്ടും ഇത്തവണത്തെ മെഗാലേലത്തില്‍ ആവശ്യക്കാരില്ലാതെ പോയ താരങ്ങളില്‍ ഒരാളായിരുന്നു സന്ദീപ്. ഏഴിനോട് അടുത്ത ഇക്കണോമി റേറ്റ് പോലും ആരും ശ്രദ്ധിച്ചില്ല.

കഴിഞ്ഞ ജൂലൈയില്‍ രാജ്യത്തിനായി അരങ്ങേറിയ മലയാളി താരം മുന്‍ സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ളയാളുമാണ്. എന്നാല്‍ ഇത്തവണ മെഗാലേലത്തില്‍ പിടിയുണ്ടായില്ലെങ്കിലും പകരക്കാരനായി ടീമില്‍ എത്താന്‍ സാധ്യതയുള്ളവരുടെ പട്ടികയിലാണ് സന്ദീപ്. മെഗാലേലത്തില്‍ ഏറ്റവും കൂടുതല്‍ വില കിട്ടിയ മലയാളിതാരം വിക്കറ്റ് കീ്പ്പര്‍ ബാറ്റ്‌സ്മാനായ വിഷ്ണു വിനോദായിരുന്നു. 20 ലക്ഷം അടിസ്ഥാനവിലയിട്ട താരത്തെ 50 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും ഒടുവില്‍ സണ്‍റൈസേഴ്‌സ് തന്നെ വിഷ്ണുവിനോദിനെ പിടികൂടി.

Read more

മറ്റു രണ്ടു കളിക്കാര്‍ മുംബൈ ഇന്ത്യന്‍സ് 30 ലക്ഷത്തിനെടുത്ത ബൗളര്‍ ബേസില്‍ തമ്പിയും ചെന്നൈ 20 ലക്ഷത്തിന് തിരിച്ചുപിടിച്ച കെ.എം. ആസിഫുമായിരുന്നു. കേരളത്തിന്റെ മറുനാടന്‍ താരം റോബിന്‍ ഉത്തപ്പയെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് രണ്ടുകോടിയ്ക്ക് സ്വന്തമാക്കിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 14 കോടിയ്ക്ക് നിലനിര്‍ത്തിയ സഞ്ജുവാണ് മറ്റൊരു മലയാളിതാരം. പരിക്കേറ്റവര്‍ കൂടിയതോടെ മെഗാലേലം തള്ളിയ ഇഷാന്ത് ശര്‍മ്മ, പീയൂഷ് ചൗള, ധവാല്‍ കുല്‍ക്കര്‍ണ്ണി, അമിത് മിശ്ര എന്നിവര്‍ക്കെല്ലാം വിളി വരാനുള്ള സാധ്യത വിലയിരുത്തപ്പെടുന്നുണ്ട്.