ഹ്യൂം അപകടകാരിയായി മാറിക്കഴിഞ്ഞു, തുറന്ന് പറഞ്ഞ് ഈ സൂപ്പര്‍ കോച്ച്

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസിനെയും മുന്നേറ്റ നിരതാരം ഇയാന്‍ ഹ്യൂമിനേയും പ്രശംസിച്ച് ജംഷഡ്പൂര്‍ എഫ്‌സി പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് ഡേവിഡ് ജയിംസ് എത്തിയതോടെ ടീമില്‍ മാറ്റങ്ങളുണ്ടായെന്നും കഠിനാധ്വാനിയായ ഇയാന്‍ ഹ്യൂം ഏറെ അപകടകാരിയായി മാറിക്കഴിഞ്ഞെന്നും കോപ്പല്‍ പറയുന്നു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കോപ്പല്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്.

“തുടര്‍വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസമാകും അവരുടെ കരുത്ത്. ഡേവിഡ് ജയിംസ് എത്തിയതോടെ ടീമില്‍ മാറ്റങ്ങളുണ്ടായി. അന്നും ഇന്നും അധ്വാനിയായ ഇയാന്‍ ഹ്യൂം അപകടകാരിയായി മാറിക്കഴിഞ്ഞു. അവരുമായി നോക്കുമ്പോള്‍ ഞങ്ങള്‍ പിന്നിലാണ്” കോപ്പല്‍ പറയുന്നു.

ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചുകെട്ടണമെന്ന് ലക്ഷ്യമിട്ടാണ് തങ്ങളിറങ്ങുന്നതെന്ും എന്നാല്‍ പ്രതിരോധാത്മകമായല്ല തങ്ങള്‍ കളിക്കുകയെന്നും കോപ്പല്‍ പറയുന്നു.

“ബ്ലാസ്റ്റേഴ്‌സിനെ ഏത് വിധേനയും പിടിച്ചുകെട്ടണം. എന്നു കരുതി, അമിതമായി പ്രതിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നന്നായി കളിക്കുക, വിജയിക്കുക. താരങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളത് അതാണ്.” കോപ്പല്‍ പറയുന്നു

പോയിന്റ് പട്ടികയില്‍ തങ്ങള്‍ പിന്നിലാണെന്നും ലീഗിന്റെ രണ്ടാം ലാപ്പില്‍ കൂടുതല്‍ വിജയങ്ങളോടെ മുന്നിലെത്താമെന്നാണു പ്രതീക്ഷയെന്നും കോപ്പല്‍ പറയുന്നു. ടീമില്‍ ഇനിയും ചില കോംബിനേഷനുകള്‍ ശരിയാകാനുണ്ടെന്നും അതിനായുള്ള ശ്രമത്തിലാണു തങ്ങളെന്നും കോപ്പല്‍ കൂട്ടിച്ചേര്‍ത്തു. അതുപോലെ ചില മാറ്റങ്ങള്‍ ഇനിയും വന്നേക്കാം.

ജംഷഡ്പൂറിനെ രണ്ടാമത്തെ കേരളമെന്ന് വിശേഷിപ്പച്ച കോപ്പല്‍ സ്‌നേഹമുള്ള ആരാധകരും, എല്ലാ സൗകര്യങ്ങളും നല്‍കുന്ന മാനേജ്‌മെന്റും കഠിനാധ്വാനം ചെയ്യുന്ന കളിക്കാരും ഇവിടെയുണ്ടെന്നും. ബ്ലാസ്റ്റേഴ്‌സിന്റെ ഒപ്പം എങ്ങനെയായിരുന്നോ അതുപോലെതന്നെയാണ് ഇവിടെയും തോന്നുന്നതെന്നും കോപ്പല്‍ പറയുന്നു.