ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ; ആര്‍.സി.ബിയെ നേരിടാനൊരുങ്ങുന്ന ഡല്‍ഹിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി

ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടാനിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് അപ്രതീക്ഷിത തിരിച്ചടി. ടീമിന്റെ എക്‌സ്പ്രസ് പേസര്‍ ആന്റിച്ച് നോര്‍ട്ട്‌ജെ നാട്ടിലിലേക്ക് മടങ്ങിയതാണ് ഡല്‍ഹിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പിന്മാറ്റം. ഡല്‍ഹി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

‘വ്യക്തിഗത കാരണങ്ങളാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ട്ട്‌ജെയ്ക്ക് വെള്ളിയാഴ്ച രാത്രി ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടിവന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഇന്ന് വൈകുന്നേരം നടക്കുന്ന മത്സരത്തില്‍ അദ്ദേഹത്തെ ലഭ്യമല്ല’ ഡിസി അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

ലീഗില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ നിന്ന് 2/20 എന്ന മികച്ച സ്പെല്ലോടെ നോര്‍ജെ ഏഴ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടക്കുന്ന രണ്ടാം ഡബിള്‍ ഹെഡ്ഡറില്‍ ഡിസി ആര്‍സിബിയുമായി ഏറ്റുമുട്ടും.

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള ഡിസിക്ക് ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് വിജയങ്ങള്‍ മാത്രമാണ് ജയിക്കാനായത്. ആദ്യ നാലിലേക്ക് യോഗ്യത നേടുന്നതിന് അവര്‍ക്ക് ഇനിയും അവസരമുണ്ടെങ്കിലും വരാനിരിക്കുന്ന ഏതെങ്കിലും മത്സരങ്ങളില്‍ തോറ്റാല്‍ അവര്‍ പ്ലേ ഓഫില്‍ നിന്ന് പുറത്താകും.