ഐപിഎല്‍ 2024: ഡെവണ്‍ കോണ്‍വേയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സിഎസ്‌കെ

നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി സമ്മാനിച്ച് സ്റ്റാര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വെ പരിക്ക് കാരണം പുറത്തായി. പകരം ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണെ സിഎസ്‌കെ ടീമിലെത്തിച്ചു.

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലായി ഫ്രാഞ്ചൈസിയുടെ നിര്‍ണായക താരമായിരുന്നു ന്യൂസിലന്‍ഡ് ഓപ്പണറായ കോണ്‍വേ. 23 മത്സരങ്ങളില്‍ നിന്ന് ഒമ്പത് അര്‍ധസെഞ്ചുറികളും 92* എന്ന ഉയര്‍ന്ന സ്‌കോറും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. എന്നിരുന്നാലും, നിര്‍ഭാഗ്യകരമായ പരിക്ക് ഇപ്പോള്‍ കോണ്‍വെയെ ടൂര്‍ണമെന്റിന്റെ 2024 പതിപ്പില്‍നിന്നും പുറത്തുപോകാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുകയാണ്.

കോണ്‍വെയുടെ അസാന്നിധ്യം അവശേഷിപ്പിച്ച ശൂന്യത തിരിച്ചറിഞ്ഞ്, ഗ്ലീസണെ പകരക്കാരനായി സൈന്‍ ചെയ്ത് തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തി. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളറായ ഗ്ലീസണ്‍ ആറ് ടി20 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൂടാതെ 90 മത്സരങ്ങളില്‍ നിന്ന് 101 വിക്കറ്റുമായി ടി20 ഫോര്‍മാറ്റില്‍ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡും താരത്തിനുണ്ട്.

Read more

സിഎസ്‌കെയുടെ ബോളിംഗ് ആക്രമണത്തിന് ഗ്ലീസണിന്റെ വരവ് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ടീമിന് കോണ്‍വെയെപ്പോലുള്ള ഒരു പ്രധാന കളിക്കാരനെ നഷ്ടപ്പെട്ടിട്ടും തങ്ങളുടെ കുതിപ്പ് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.