IPL 2024: 'അവന്‍ വിരമിക്കുന്നത് വരെ ഞാന്‍ കാത്തിരിക്കില്ല'; ബുംറയ്ക്ക് പുതിയ ജോലി വാഗ്ദാനം ചെയ്ത് വിന്‍ഡീസ് ഇതിഹാസം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ല്‍ പഞ്ചാബ് കിംഗ്സിനെതിരെ മൂന്ന് വിക്കറ്റ് നേട്ടം കൈവരിച്ച ജസ്പ്രീത് ബുംറയെ അഭിനന്ദിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ബോളര്‍ ഇയാന്‍ ബിഷപ്പ്. ഏഴ് കളികളില്‍ നിന്ന് 13 വിക്കറ്റുമായി ബുംറ യുസ്വേന്ദ്ര ചാഹലില്‍ നിന്ന് പര്‍പ്പിള്‍ ക്യാപ്പ് തിരിച്ചുപിടിച്ചു. മാച്ച് വിന്നിംഗ് പ്രകടനത്തിന് ബുംറയായിരുന്നു മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. യുവ പേസര്‍മാര്‍ക്കായി ബുംറ പ്രഭാഷണങ്ങള്‍ നടത്തണമെന്നാണ് ബിഷപ്പിന്റെ ആവശ്യം.

എനിക്ക് ജസ്പ്രീത് ബുംറയെ ഫാസ്റ്റ് ബോളിംഗ് പിഎച്ച്ഡി നല്‍കി അഭിഷേകം ചെയ്യാന്‍ കഴിയുമെങ്കില്‍ ഞാന്‍ അത് ചെയ്യും. അവന്‍ മികവുറ്റ ആശയവിനിമയക്കാരനാണ്, അറിവുള്ളവനാണ്. രാജ്യത്തുടനീളമുള്ള എല്ലാ തലങ്ങളിലുമുള്ള യുവാക്കളായ സീം ബോളര്‍മാര്‍ക്കായി അവന്‍ പ്രഭാഷണങ്ങള്‍ നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ വിരമിക്കുന്നത് വരെ ഞാന്‍ കാത്തിരിക്കില്ല, പ്രൊഫസര്‍- ഇയാന്‍ ബിഷപ്പ് എക്സില്‍ കുറിച്ചു.

മത്സരത്തില്‍ മുംബൈ സാം കറന്‍ നയിക്കുന്ന പഞ്ചാബ് ടീമിനെ 9 റണ്‍സിന് പരാജയപ്പെടുത്തി തങ്ങളുടെ മൂന്നാം ജയം രേഖപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത് 192 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 14 റണ്‍സിനിടെ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകള്‍ വീണു. മുംബൈ അനായാസ വിജയം പ്രതീക്ഷിച്ചിരിക്കെ അദ്ഭുതകരമായി തിരിച്ചടിച്ച പഞ്ചാബ് ജയത്തിന് അരികിലെത്തിയിരുന്നു.

മൂന്ന് വിക്കറ്റ് ശേഷിക്കെ അവസാന 4 ഓവറില്‍ 28 റണ്‍സായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ബോളര്‍മാര്‍ 5 പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബിനെ ഓള്‍ഔട്ടാക്കി. സ്‌കോര്‍: മുംബൈ- 20 ഓവറില്‍ 7ന് 192. പഞ്ചാബ്- 19.1 ഓവറില്‍ 183.