IPL 2024: 'അത് വളരെ വ്യക്തമായിരുന്നു'; സഞ്ജുവിന്റെ വിവാദ പുറത്താക്കലില്‍ നവജ്യോത് സിംഗ് സിദ്ദു

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ അടുത്തിടെ നടന്ന ഏറ്റുമുട്ടല്‍ വിവാദത്തിന് കാരണമായിരുന്നു. അമ്പയര്‍മാരുടെ സംശയാസ്പദമായ രണ്ട് കോളുകള്‍ കാരണം രാജസ്ഥാന്‍ മത്സരത്തില്‍ പരാജയപ്പെട്ടു. ക്യാച്ച് എടുക്കുന്നതിനിടെ ഷായി ഹോപ് പന്ത് ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചതായി തോന്നിയിട്ടും മൂന്നാം അമ്പയര്‍ സഞ്ജു സാംസണെ പുറത്താക്കി.

ടിവി അമ്പയര്‍ ക്യാച്ച് വിവിധ കോണുകളില്‍ നിന്ന് പരിശോധിക്കാതെ തിടുക്കത്തിലാണ് ഡല്‍ഹിക്ക് അനുകൂലമായി തീരുമാനം നല്‍കിയത്. ഇതില്‍ സഞ്ജു സാംസണ്‍ തൃപ്തനായില്ല. ഡഗൗട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓണ്‍-ഫീല്‍ഡ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കോളിനെതിരെ ഡിആര്‍എസ് എടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും നിയമങ്ങള്‍ അത് അനുവദിക്കുന്നില്ലെന്ന് അറിയിച്ചു. സംഭവത്തില്‍ പ്രതികരിച്ച ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു ഹോപ്പിന്റെ പാദങ്ങള്‍ ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചെന്നു തറപ്പിച്ചു പറഞ്ഞു.

സഞ്ജു സാംസണെ പുറത്താക്കിയതാണ് കളിയെ മാറ്റിമറിച്ച തീരുമാനം. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ നിങ്ങള്‍ സൈഡ്-ഓണ്‍ ആംഗിളില്‍ നോക്കിയാല്‍, പാദങ്ങള്‍ അതിര്‍ത്തിയില്‍ രണ്ടുതവണ സ്പര്‍ശിക്കുന്നു. അത് വളരെ വ്യക്തമായിരുന്നു.

ഒന്നുകില്‍ നിങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ല, അല്ലെങ്കില്‍ നിങ്ങള്‍ അത് ഉപയോഗിക്കുകയും സാങ്കേതികവിദ്യയ്ക്ക് പിഴവ് സംഭവിക്കുകയും ചെയ്താല്‍, അത് ഈച്ച വീണ പാല് കുടിക്കാന്‍ നിര്‍ബന്ധിതമാകുന്നതുപോലെയാണ്- സിദ്ദു സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.