IPL 2024: ഒരു ടീമും ഇത്തരം താരങ്ങളെ ടീമിൽ ഉൾപെടുത്തരുത്, അവന്മാർക്കൊന്നും കളിക്കാൻ അറിയില്ല: സുനിൽ ഗവാസ്‌കർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ അർഹതയില്ലാത്ത ക്രിക്കറ്റ് താരങ്ങളെ സൈൻ ചെയ്ത് കളിച്ചതിന് ഫ്രാഞ്ചൈസികൾക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. ചെന്നൈയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ 2024 ഫൈനലിന് ശേഷം അദ്ദേഹം പറഞ്ഞ അഭിപ്രായമാണിത്. ശ്രേയസ് അയ്യർ നയിക്കുന്ന കൊൽക്കത്തയാണ് ഫൈനലിൽ ഹൈദരാബാദിനെ മറികടന്ന് കിരീടം നേടിയത്.

സൺറൈസേഴ്സിൻ്റെ ബാറ്റിംഗ് യൂണിറ്റ് ദയനീയമായി പരാജയപ്പെട്ട മത്സരമായിരുന്നു അത്. കൂടാതെ നിരവധി യുവ ഇന്ത്യൻ ബാറ്റർമാർ അശ്രദ്ധമായ ഷോട്ടുകൾ കളിച്ചു, അത് അവരുടെ തകർച്ചയ്ക്ക് കാരണമായി. എസ്ആർഎച്ച് 113 റൺസിന് പുറത്തായി, കെകെആർ 10.3 ഓവറിൽ ചേസ് പൂർത്തിയാക്കി. മത്സരത്തിന് ശേഷം സംസാരിച്ച ഗവാസ്‌കർ ടീമുകൾക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ അർഹതയില്ലാത്ത കളിക്കാരെ സൈൻ ചെയ്യുന്നതിൽ ടീമുകൾ വലിയ തെറ്റുകൾ വരുത്തുകയാണ്. അർഹതയില്ലാത്ത ക്രിക്കറ്റ് താരങ്ങൾ നിലവാരത്തെ ബാധിക്കുക മാത്രമല്ല സംഭാവന നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു.
“ചില താരങ്ങൾക്ക് ഈ ലീഗിൽ തുടരാനുള്ള നിലവാരം ഇല്ല. അവർക്ക് വലിയ തുകയാണ് പ്രതിഫലം ലഭിക്കുന്നത്, അവർ ഐപിഎല്ലിലേക്ക് വരുമ്പോൾ പ്രകടന നിലവാരം ഗണ്യമായി കുറയുന്നു. അവർക്ക് പ്രാദേശിക ടി20 ലീഗുകളിൽ പ്രകടനം നടത്താനാകുമെങ്കിലും ഐപിഎല്ലിൽ അല്ല.

“രാജസ്ഥാൻ ലീഗ്, ഗുജറാത്ത് ലീഗ്, യുപി ലീഗ്, മറ്റ് മത്സരങ്ങൾ എന്നിവയിൽ നിന്ന് ഒരു കളിക്കാരെയും സൈൻ ചെയ്യേണ്ടതില്ല,” സുനിൽ ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഈ ലീഗുകളിൽ നിന്ന് വരുന്ന താരങ്ങളെ ഉൾപെടുത്തരുത് എന്ന അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വരുന്നുണ്ട്.