IPL 2024: ചെന്നൈക്കും മുംബൈക്കും ബാംഗ്ലൂരിനും മാത്രമല്ല, എല്ലാ ടീമുകൾക്കും കിട്ടാൻ പോകുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 17 ആം സീസണിലെ മത്സരങ്ങൾ ആവേശകരമായി പുരോഗമിക്കുകയാണ്. ഇതുവരെ ഒരു ടീമിനും പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല എന്നതാണ് ഈ സീസണിലെ പ്രത്യേകത. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ ടീമുകൾ എല്ലാം മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതിൽ ഒരു മത്സരം ജയിച്ചാൽ രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീം ആയി മാറി.

ടൂർണമെന്റ് ആവേശകരമായി പുരോഗമിക്കുമ്പോൾ ഇംഗ്ലണ്ട് താരങ്ങളുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. മെയ് 22 ന് പാകിസ്താനെതിരെ പരമ്പര വരാനിരിക്കെയാണ് ഇംഗ്ലണ്ട് ബോർഡ് നിർണായക തീരുമാനം അറിയിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് താരങ്ങൾ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഉണ്ടാകില്ല എന്നാണ് അവരുടെ തീരുമാനം. പല പ്രമുഖ ടീമുകളിലും ഇംഗ്ലണ്ട് താരങ്ങൾ ഉള്ളതിനാൽ ഈ തീരുമാനം അവർക്ക് പണിയാണ്.

അതേസമയം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ടർമാർ ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിനെ ഉടൻ പ്രഖ്യാപിക്കും. ടൂർണമെന്റിലേക്ക് മുൻ അന്താരാഷ്ട്ര പരിചയമില്ലാത്ത കളിക്കാരെ പരീക്ഷിക്കാൻ സെലക്ടർമാർക്ക് താൽപ്പര്യമില്ല. സ്‌ക്വാഡ് ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു. സെലക്ടർമാരും ഇന്ത്യൻ മാനേജ്മെന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിക്കില്ലെന്നാണ് അറിയുന്നത്. ലോകകപ്പ് സ്‌ക്വാഡിൽ സഞ്ജു തീർച്ചയായും വേണമെന്ന അഭിപ്രായമാണ് സെലക്ടർമാരുടെ ഭാഗത്തു നിന്നുള്ളത്. പക്ഷെ ടീം മാനേജ്മെന്റ് ഇതിനോടു യോജിക്കുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ടോപ് ഓർഡർ ബാറ്ററായ സഞ്ജുവിനേക്കാൾ ഇന്ത്യക്കു ആവശ്യം ലോവർ ഓർഡറിൽ ബാറ്റ് ചെയ്യുന്ന ഒരു വിക്കറ്റ് കീപ്പറെയാണെന്നാണ് ടീം മാനേജ്മെന്റിന്റെ അഭിപ്രായം. അതിനാൽ ഈ റോളിലേക്കു ധ്രുവ് ജുറേൽ, ജിതേഷ് ശർമ എന്നിവരിൽ ഒരാളെയാണ് ടീം മാനേജ്മെന്റിനു താൽപ്പര്യം.