തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകനും, നടനുമായ ജി. വി പ്രകാശ് കുമാറും ഭാര്യ സൈന്ധവിയും വിവാഹബന്ധം വേർപിരിഞ്ഞത്. 2013-ലായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം മനസിലാക്കി ആരോഗ്യപരമായുള്ള ഒരു വേർപിരിയലാണ് ഇതെന്ന് രണ്ട് പേരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ രണ്ട് പേർക്കെതിരെയും നിരവധി അഭ്യൂഹങ്ങളും മറ്റുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജി. വി പ്രകാശ് കുമാർ. കൃത്യമായ വിവരം അറിയാതെ രണ്ട് വ്യക്തികളുടെ പ്രണയത്തേക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നാണ് ജി. വി പ്രകാശ് കുമാർ പറയുന്നത്. കൂടാതെ തമിഴര്‍ ഇത്രയധികം അധഃപതിച്ചോയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ജി. വി പ്രകാശ് പറയുന്നു.

“കൃത്യമായ വിവരം അറിയാതെ രണ്ട് വ്യക്തികളുടെ പ്രണയത്തേക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികളാണ് എന്നതുകൊണ്ട് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറുന്നതും തരം താഴ്ന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല. തമിഴര്‍ ഇത്രയധികം അധഃപതിച്ചോ? നിങ്ങളുണ്ടാക്കുന്ന കഥകള്‍ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാതെയായോ.

പരസ്പര സമ്മതത്തോടെയുള്ള ഞങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമറിയാം. ഇത്തരം പൊതു ചര്‍ച്ചകളും വിമര്‍ശനങ്ങളും എന്റെ ജീവിതത്തോടുള്ള താല്‍പര്യം കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയെ ബാധിക്കുമെന്ന് എനിക്കറിയാവുന്നതിനാലാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്.” എന്നാണ് ജി വി പ്രകാശ് കുമാർ കുറിച്ചത്.

Read more