IPL 2024: ഈ സീസണിലെ ഏറ്റവും മികച്ച നായകൻ ശ്രേയസും സഞ്ജുവും ഒന്നുമല്ല, അദ്ദേഹമാണ് ഏറ്റവും മിടുക്കൻ: ഇർഫാൻ പത്താൻ

സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ പതിനേഴാം സീസണിലെ ക്യാപ്റ്റൻ എന്ന് വിളിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. 20.5 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ടീമിൽ എത്തിച്ച താരത്തിന് ആദ്യ സീസണിൽ തന്നെ അവരെ ഫൈനലിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നു. കമ്മിൻസ് മുന്നിൽ നിന്ന് നയിക്കുകയും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് ടീമിന് കാണിച്ചുകൊടുക്കുകയും ചെയ്തുവെന്ന് പത്താൻ പറഞ്ഞു.

“ചില മത്സരങ്ങളിൽ പാറ്റ് കമ്മിൻസ് ആയിരുന്നു ടീമിലെ ഏറ്റവും മികച്ച ബോളർ. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാതെ യാതൊരു പേടിയുമില്ലാതെ താരത്തിന് പലപ്പോഴും ഇന്നിങ്സിന്റെ 19 , 20 ഓവറുകൾ എറിയാൻ സാധിച്ചിട്ടുണ്ട്. എന്തായാലും ഹൈദരാബാദിൽ എത്തിയതിന് ശേഷം അവൻ പുതിയ റോളുകൾ ആസ്വദിച്ച് തന്നെ ചെയ്തു.” ഇർഫാൻ പറഞ്ഞു.

” സഹതങ്ങളെ മുന്നിൽ നിന്ന് നയിച്ചുകൊണ്ട് അവരെ പ്രചോദിപ്പിക്കുന്ന നായകനാണ് കമ്മിൻസ്. അങ്ങനെ ഒരു നായകൻ ചെയ്യുമ്പോൾ താരങ്ങൾ നന്നായി കളിക്കും. യുവതാരങ്ങളെയൊക്കെ കമ്മിൻസ് വിശ്വസിക്കുകയും അവരെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയും ചെയ്ത രീതിക്ക് കൈയടികൾ നൽകുക. കമ്മിൻസാണ് ഏറ്റവും മികച്ച നായകൻ.” പത്താൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

അതേസമയം ഇതിനാണോ ഇത്ര ബിൽഡ് അപ്പ് ഇട്ടിട്ട് ഫൈനലിൽ വന്നത് എന്നതാകും ഹൈദരാബാദിനോട് മറ്റ് ടീമുകൾ ചോദിക്കുക. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രം കണ്ട ഏറ്റവും വിരസമായ ഫൈനൽ പോരാട്ടത്തിൽ ഹൈദരാബാദിനെ കെട്ടുകെട്ടിച്ച് കൊൽക്കത്തയ്ക്ക് പൊൻകിരീടം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 114 റൺ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കാൻ സാധിച്ചത്. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം നേടിയാണ് കൊൽക്കത്ത അർഹിച്ച ജയം സ്വന്തമാക്കിയത്.