IPL 2024: അവന്മാരാണ് ടി 20 യിൽ എല്ലാവരും പേടിക്കേണ്ട ടീം, അവർ കളിക്കുന്ന ബ്രാൻഡ് വേറെ ലെവൽ; ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടി20 ഫോർമാറ്റ് ഒരുപാട് മാറ്റങ്ങൾക്ക് വിധേയം ആയിട്ടുണ്ട് . ബാറ്റർമാർ അവരുടെ സമീപനത്തിൽ കൂടുതൽ നിർഭയരായി മാറി, പണ്ട് വലിയ സ്‌കോറുകൾ ആയത് ഒന്നും ഇന്ന് വലിയ സ്‌കോറുകൾ അല്ലാതെ ആയി മാറിയിരിക്കുന്നു . ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ, 17-ാം സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് മൂന്ന് റെക്കോർഡ് സ്‌കോറുകൾ നേടിയെന്നതിൽ മാറ്റം വ്യക്തമാണ്. ഇനി ഏഴു കളികൾ കൂടി ബാക്കി നിൽക്കെ 300 എന്ന മാന്ത്രിക അക്കത്തിലേക്കൊക്കെ സ്‌കോറുകൾ കയറാൻ സാധ്യതയുണ്ട്.

ടി20 ഫോർമാറ്റിൻ്റെ പരിണാമം കണ്ട ഹർഭജൻ സിംഗ്, ക്രിക്കറ്റിൻ്റെ ഹൈദരാബാദ് ബ്രാൻഡിനെ പ്രശംസിച്ചു. 2007-ലെ ടി20 ലോകകപ്പിൻ്റെ ഉദ്ഘാടന പതിപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു ഭാജി. ഐപിഎൽ കരിയറിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയ്ക്കായി കളിച്ചു.

ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെതിരെയാണ് കുതിപ്പ് ആരംഭിച്ചത്. അവിടെ വർ 20 ഓവറിൽ 277/3 സ്‌കോർ ചെയ്തു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ അവർ ഒരു പടി മുന്നിലെത്തി, 287/3. ഡൽഹി ക്യാപിറ്റൽസിനെതിരെ 266/7 എന്ന സ്കോറോടെയായിരുന്നു മൂന്നാമത്തെ വലിയ ടോട്ടൽ.

ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഹെൻറിച്ച് ക്ലാസൻ എന്നിവരാണ് എതിരാളികൾക്ക് ഏറ്റവും വലിയ ഭീഷണിയായി നിൽക്കുന്നത്. ഹർഭജൻ പറയുന്നത് ഇങ്ങനെയാണ് “ഈ ഐപിഎല്ലിൽ അവർ അപകടകാരികളാണെന്ന് തോന്നുന്നു. സാഹചര്യങ്ങൾ പരിഗണിക്കാതെ ഇന്നിംഗ്‌സിൻ്റെ ആദ്യ പന്ത് മുതൽ ബൗളർമാരുടെ പിന്നാലെ പോകാനാണ് അവരുടെ തീരുമാനം. ടി 20 ഫോർമാറ്റ് കളിക്കുന്ന IPL ലെ ഒരേയൊരു ഫ്രാഞ്ചൈസിയാണ് അവർ.

“ബാറ്റർമാർ ആക്രമണാത്മക മനോഭാവത്തോടെയാണ് കളിക്കുന്നത്, അതാണ് ടി20 ഗെയിമിനെ സമീപിക്കാനുള്ള ശരിയായ മാർഗം. അവരുടെ ബൗളർമാർ റൺസ് ചോർത്തിയാലും, ബൗളർമാരുടെ ഓഫ് ഡേ മറയ്ക്കാൻ അവർക്ക് വേണ്ടത്ര റൺസ് ബോർഡിലുണ്ട്, ”ഹർഭജൻ പറഞ്ഞു.