എലിമിനേറ്ററില്‍ രാജസ്ഥാന് റോയല്‍സ് ജയിച്ചു. പക്ഷേ ചിലര്‍ സഞ്ജുവിനെ കുറ്റം പറയുന്നുണ്ട്. അവര്‍ സഞ്ജുവിന്റെ ബാറ്റിങ്ങ് പരാജയത്തെ പരിഹസിക്കുന്നു. രാജസ്ഥാന്റെ വിജയത്തില്‍ സഞ്ജുവിന് യാതൊരു പങ്കും ഇല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു!
ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സമയത്ത് സഞ്ജു നമ്മെ നിരാശപ്പെടുത്തി എന്നത് ശരിയാണ്. പക്ഷേ സഞ്ജു എന്ന നായകന് അഹമ്മദാബാദില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത് 172 റണ്‍സാണ്. ഏത് മാനദണ്ഡം വെച്ച് അളന്നാലും അത് അണ്ടര്‍ പാര് ടോട്ടല്‍ ആയിരുന്നു. ആര്.സി.ബിയെ നിയന്ത്രിച്ചുനിര്‍ത്തിയത് സഞ്ജുവിന്റെ തന്ത്രങ്ങളായിരുന്നു.
ഗംഭീര തുടക്കമാണ് ആര്.സി.ബി-യ്ക്ക് ലഭിച്ചത്. വിരാട് കോഹ്ലിയും ഫാഫ് ഡ്യൂപ്ലെസിയും രാജസ്ഥാന് ബോളര്‍മാരെ നാലുപാടും അടിച്ചുപറത്തുകയായിരുന്നു. ആ സമയത്ത് ട്രെന്റ് ബോള്‍ട്ടിന് തുടര്‍ച്ചയായ മൂന്നാമത്തെ ഓവര്‍ സഞ്ജു നല്കി. ഡ്യൂപ്ലെസി ആ കെണിയില്‍ കുടുങ്ങി. ബോള്‍ട്ടിന്റെ രണ്ട് ഓവറുകള്‍ അടുത്ത ഘട്ടത്തിലേയ്ക്ക് കരുതിവെയ്ക്കണം എന്ന് സഞ്ജു ചിന്തിച്ചില്ല. അയാള്‍ റിസ്ക് എടുത്ത് റിവാര്‍ഡ് നേടി. ആ ധൈര്യത്തെ മാത്യു ഹെയ്ഡന് വാതോരാതെ പ്രശംസിക്കുന്നുണ്ടായിരുന്നു!
മികച്ച ഫീല്‍ഡര്‍മാരെ എവിടെ നിര്‍ത്തണം എന്ന കാര്യത്തിലും സഞ്ജുവിന് വ്യക്തത ഉണ്ടായിരുന്നു. പവല്‍ ഡീപ് മിഡ്-വിക്കറ്റില്‍. പരാഗ് മിഡ്-ഓഫില്‍… അതുകൊണ്ട് കൂടിയാണ് ബാംഗ്ലൂരിന്റെ വിക്കറ്റുകള്‍ വീണത്. രാജസ്ഥാന് ടീമിന്റെ മനോവീര്യം തകര്‍ന്നുപോയേക്കാവുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ഉണ്ടായതാണ്. പടീദാറിന്റെ സിമ്പിള്‍ ക്യാച്ച് ജുറെല്‍ നിലത്തിട്ടു. മൂന്നാം അമ്പയറുടെ മണ്ടത്തരം മൂലം ദിനേഷ് കാര്‍ത്തിക്കിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടു.
പക്ഷേ സഞ്ജു മനഃസ്സാന്നിദ്ധ്യം കൈവിട്ടില്ല. തല്ലുകൊണ്ട് നില്‍ക്കുകയായിരുന്ന ആവേശ് ഖാനെ ഉപയോഗിച്ച് സഞ്ജു കളി തിരിച്ചുപിടിച്ചത് എത്ര മനോഹരമായിട്ടാണ്! അഹമ്മദാബാദിലെ ബഹുഭൂരിപക്ഷം കാണികളും പിന്തുണച്ചത് ബാംഗ്ലൂരിനെയാണ്. അത് വിരാട് ഇഫക്റ്റ് ആയിരുന്നു. ആ ക്രൗഡിന്റെ സമ്മര്‍ദ്ദത്തെയും സഞ്ജുപ്പട മറികടന്നു!
സഞ്ജു ഔട്ട് ആയത് മോശം ഷോട്ടിലൂടെ ആയിരിക്കാം. പക്ഷേ നമുക്ക് അത് ക്ഷമിക്കാവുന്നതാണ്. ഈ സീസണ് മുഴുവനും സഞ്ജു ഉത്തരവാദിത്തത്തോടെയാണ് ബാറ്റ് വീശിയത്. ഒരു തെറ്റ് ആര്‍ക്കാണ് സംഭവിക്കാത്തത്!? അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍താരമായ ഗ്ലെന്‍ മാക്സ്വെല് ഔട്ടായ രീതി പരിഗണിക്കുമ്പോള്‍ സഞ്ജുവിന്റെ പിഴവ് എത്രയോ ചെറുതാണ്!
എലിമിനേറ്ററില്‍ ആര്.സി.ബി ഏകപക്ഷീയമായ ജയം നേടുമെന്ന് സുനില്‍ ഗാവസ്കര്‍ പ്രവചിച്ചിരുന്നു. അയാള്‍ കമന്ററി ബോക്സില്‍ ഇരിക്കുമ്പോള്‍ തന്നെ സഞ്ജുമ്മല്‍ ബോയ്സ് ജയിച്ചുകയറി! കരണം പുകയ്ക്കുന്നത് പോലുള്ള ഒരു സ്റ്റേറ്റ്മെന്റ്…!
ഇനി സഞ്ജുവും സംഘവും ചെപ്പോക്കിലേയ്ക്ക് യാത്ര തിരിക്കുകയാണ്. പൊതുവെ സ്പിന്‍ ബോളര്‍മാരാണ് അവിടെ കാര്യങ്ങള്‍ നിശ്ചയിക്കാറുള്ളത്. ആ വേദിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കാത്തിരിക്കുന്നു. അവിടെ രാജസ്ഥാന്റെ സ്പിന്നര്‍മാര്‍ വിധി നിശ്ചയിക്കുമോ? അശ്വിനും ചാഹലും ഒരുപക്ഷേ മഹാരാജും തിളങ്ങുമോ? അവരെ ധോനി സ്റ്റൈലില്‍ സഞ്ജു നയിക്കുമോ? രാജസ്ഥാന് ഫൈനലില്‍ കയറുമോ?
ധോനിയുടെ ചെപ്പോക്കില്‍ വിജയിച്ചുകയറുന്ന സഞ്ജു…! ആ നിമിഷത്തിന് വേണ്ടി മോഹിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജുവിന്റെ പട്ടാഭിഷേകം പൂര്‍ത്തിയാവുന്ന അസുലഭനിമിഷം…!