അന്ത്യശാസനവുമായി ധനുഷ്, 24 മണിക്കൂറിനുള്ളില്‍ ആ രംഗങ്ങള്‍ നീക്കം ചെയ്തിരിക്കണം; നയന്‍താരയ്‌ക്കെതിരെ നടപടി

ഒടുവില്‍ മൗനം വെടിഞ്ഞ് ധനുഷ്. ‘നാനും റൗഡി താന്‍’ സിനിമയിലെ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ധനുഷ്. 24 മണിക്കൂറിനകം രംഗങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നയന്‍താര ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. വിവാദത്തിനടിസ്ഥാനമായ സിനിമയുടെ നിര്‍മ്മാതാവ് ധനുഷാണെന്നും അതുകൊണ്ട് തന്നെ അതിന്റെ ഉടമസ്ഥാവകാശവും അദ്ദേഹത്തിന്റേതാണെന്നും അത് പകര്‍ത്തിയ വ്യക്തിയുടേതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

Image

വിവാദ ഉള്ളടക്കം ഡോക്യുമെന്ററിയില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും അഭ്യര്‍ഥന അംഗീകരിച്ചില്ലെങ്കില്‍ നയന്‍താരക്കെതിരെയും നെറ്റ്ഫ്ളിക്സിനെതിരെയും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്റെ ക്ലയന്റ് സിനിമയുടെ നിര്‍മ്മാതാവാണ്. അവര്‍ സിനിമയുടെ നിര്‍മ്മാണത്തിനായി ഓരോ തുകയും എവിടെയൊക്കെ ചെലവഴിച്ചുവെന്ന് വ്യക്തമായി അറിയാം. ബിഹൈന്‍ഡ് ദ സീന്‍ ഷൂട്ട് ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും ധനുഷിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം, നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍ എന്ന ഡോക്യുമെന്ററി നടിയുടെ 40-ാം ജന്മദിനമായ ഇന്ന് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടു. ധനുഷിനെതിരെ തുറന്ന് പോരിന് തുടക്കമിട്ടിരിക്കുകയാണ് നയന്‍താര. കോപ്പിറൈറ്റ് വിഷയം മാത്രമല്ല, വര്‍ഷത്തോളമായുള്ള ഈഗോ പ്രശ്‌നമാണ് ഇവര്‍ക്കിടയില്‍ എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്.

Read more