IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

ഐപിഎലില്‍ ഇന്നലെ നടന്ന പഞ്ചാബ്-സിഎസ്‌കെ മത്സരത്തില്‍ ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള എംഎസ് ധോണിയുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ചെന്നൈയ്ക്ക് വേഗത്തില്‍ റണ്‍സ് ആവശ്യമായി വന്നിട്ടും ധോണി നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തതിനോടാണ് സെവാഗ് പ്രതികരിക്കാതിരുന്നത്.

മത്സരത്തില്‍ ഒന്‍പതാമനായി ഇറങ്ങിയ ധോണി ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായിരുന്നു. നവജ്യോത് സിംഗ് സിദ്ധു, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ താമസിച്ച് ബാറ്റിംഗിന് ഇറങ്ങിയ ധോണിയുടെ തീരുമാനത്തെ വിമര്‍ശിച്ചു. എന്നിരുന്നാലും, ധോണിയുടെ ബാറ്റിംഗ് പൊസിഷനെ വിമര്‍ശിക്കാന്‍ വീരുവിന് താല്‍പ്പര്യമില്ലായിരുന്നു.

അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്ലോട്ടിനെക്കുറിച്ച് ഞാന്‍ ഇതിനകം പറഞ്ഞിട്ടുണ്ട്. അദ്ദേഹം മാറില്ല എന്നതിനാല്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അവന്‍ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ബാറ്റ് ചെയ്യണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം ബാറ്റിംഗ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്യാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ഞാന്‍ അവനോട് സംസാരിച്ചിട്ടില്ല, അവന്റെ കാല്‍മുട്ടിനേറ്റ പരിക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാന്‍ ആരുമില്ല. അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ധോണി സ്വയം പ്രമോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്താന്‍ റുതുരാജ് ഗെയ്ക്വാദിന് മാത്രമേ കഴിയൂ- സെവാഗ് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.