ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ടീം ഇത്തവണ മികച്ച കളിക്കാരായിട്ടാണ് ഇറങ്ങുന്നത്. എന്നാൽ സ്‌ക്വാഡിൽ ജസ്പ്രീത് ബുംറയുടെ അഭാവം ടീമിനെ നന്നായി ബാധിക്കാൻ സാധ്യതയുണ്ട്.
മുംബൈ ഇന്ത്യൻസിന്റെ ബ്രഹ്മാസ്ത്രമാണ് പേസ് ബോളർ ജസ്പ്രീത് ബുംറ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിക്ക് ശേഷം പരിക്ക് പറ്റി താരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായിരുന്നു. ഐപിഎലിലെ ആദ്യ മത്സരങ്ങൾ ബുംറയ്ക്ക് നഷ്ടമാകും. അദ്ദേഹം എതിരാളികൾക്ക് എത്രമാത്രം ഭീഷണി ഉയർത്തുന്ന താരമാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം മൈക്കിൾ ക്ലാർക്ക്.
മൈക്കിൾ ക്ലാർക്ക് പറയുന്നത് ഇങ്ങനെ:
” ജസ്പ്രീത് ബുംറയെ എനിക്ക് ഭയമാണ്. അവൻ ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ ഇല്ല. അത് കൊണ്ട് തന്നെ അവന്റെ ബെസ്റ്റ് വേർഷൻ ആദ്യ മത്സരങ്ങളിൽ കാണാൻ നമുക്ക് സാധിക്കില്ല. അവൻ വിചിത്രമായ ഒരു ജീവിയാണ്, അഞ്ച് വിക്കറ്റുകളൊക്കെ അദ്ദേഹത്തിന് എടുക്കാൻ സാധിക്കും. എനിക്ക് തോന്നുന്നു ടൂർണമെന്റ് മുൻപോട്ട് പോകുന്നതിനനുസരിച്ച് ബുംറയ്ക്ക് മികച്ച പ്രകടനം കാഴ്‌ച വെക്കാൻ സാധിക്കും. ബുംറ ഇല്ലെങ്കിൽ മുംബൈയുടെ അവസ്ഥ നിരാശാജനകമാകും” മൈക്കിൾ ക്ലാർക്ക് പറഞ്ഞു.
ഐപിഎലിലെ ആദ്യ മത്സരം മാർച്ച് 22 മുതലാണ് ആരംഭിക്കുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. മുംബൈയുടെ ആദ്യ മത്സരം 23 ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ്.