അവസാന സ്ഥാനത്ത് കിടക്കുന്ന ടീമുകളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി. രാജസ്ഥാൻ റോയൽസാണ് ചെന്നൈയെ 6 റൺസിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ ഉയർത്തിയ 184 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 176-6 റൺസിൽ അവസാനിക്കുക ആയിരുന്നു . ഇന്ന് രാജസ്ഥാൻ കൂടി ജയിച്ചതോടെ സീസണിൽ എല്ലാ ടീമുകളും ഒരു മത്സരത്തിൽ എങ്കിലും ജയം സ്വന്തമാക്കി.
രാജസ്ഥാന് വേണ്ടി ബാറ്റിംഗിൽ തകർപ്പൻ പ്രകടനം നടത്തിയ താരമായിരുന്നു നിതീഷ് റാണ. താരം 36 പന്തുകളിൽ 10 ഫോറും, 5 സിക്‌സറുകൾ അടക്കം 81 റൺസാണ് നേടിയത്. എന്നാൽ അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകാൻ മറ്റു രാജസ്ഥാൻ താരങ്ങൾക്ക് സാധിച്ചില്ല. റിയാൻ പരാഗ് 37 റൺസും, സഞ്ജു സാംസൺ 20 റൺസും, ഷിംറോൺ ഹെറ്റ്മയർ 19 റൺസും നേടി. ബാക്കി വന്ന താരങ്ങൾ ആരും തന്നെ രണ്ടക്കം കടന്നില്ല.
ചെറിയ സ്കോർ നേടിയ രാജസ്ഥാൻ മത്സരം വിജയിച്ചത് താരങ്ങളുടെ മികച്ച ബോളിങ് പ്രകടനത്താലാണ്. മത്സരത്തിൽ നിർണായകമായ പ്രകടനങ്ങളും, തനിക്ക് സഹ തരത്തിൽ നിന്ന് ലഭിച്ച സഹായത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്.
റിയാൻ പരാഗ് പറയുന്നത് ഇങ്ങനെ:
” കുറച്ച് സമയമെടുത്ത് ഞങ്ങൾ ഈ ആദ്യ ജയം നേടാൻ. ബാറ്റിംഗിൽ 20 റൺസിന്റെ കുറവുണ്ടായിരുന്നു. മിഡിൽ ഓവറുകളിൽ ഞങ്ങൾ നന്നായി ബാറ്റ് ചെയ്തു, എന്നാൽ ഒരുപാട് വിക്കറ്റുകളും നഷ്ടമായി. എന്നാൽ കളിയിൽ മാറ്റം വരുത്തിയത് ബോളർമാരാണ്. നന്നായി അവർ പന്തെറിഞ്ഞു. ബൗളർമാർ മുന്നോട്ട് വന്ന് ഞങ്ങളുടെ കൂട്ടായ പദ്ധതികൾ നടപ്പിലാക്കി.
റിയാൻ പരാഗ് തുടർന്നു:
” ഞങ്ങൾക്ക് രണ്ട് കഠിനമായ മത്സരങ്ങൾ ഉണ്ടായിരുന്നു, ആദ്യ കളി 280 റൺസ് നേടി, രണ്ടാം കളി 180 റൺസ് പ്രതിരോധിക്കാൻ സാധിച്ചതുമില്ല. ഭാഗ്യവശാൽ ഈ കളിയിൽ കുറച്ച് ഓപ്ഷനുകൾ ഉണ്ടായിരുന്നു, ഞാനും നിതീഷും ഉണ്ടായിരുന്നു. ഇന്ന് ഒരു ക്യാപ്റ്റനെന്ന നിലയിൽ മുൻകൈയെടുത്ത് തോന്നിയത് ചെയ്തു. ഞങ്ങൾക്ക് കുറഞ്ഞ ആ 20 റൺസിന് പകരം മികച്ച ഫീൽഡിങ് നടത്തി. ഫീൽഡിംഗ് പരിശീലകനായ ദിഷാന്ത് യാഗ്നിക്കിനൊപ്പം മികച്ച പദ്ധതികൾ സജ്ജമാക്കിയിരുന്നു” റിയാൻ പരാഗ് പറഞ്ഞു.