ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നാണംകെട്ട തോൽവി കരസ്ഥമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. 7 വിക്കറ്റിനാണ് പാറ്റ് കമ്മിൻസും സംഘവും പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ താരങ്ങൾക്ക് നേരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ആദ്യ മത്സരത്തിൽ നേടിയ വെടിക്കെട്ട് സ്കോർ പോലെ തുടർന്നും പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയാണ് താരങ്ങൾ സമ്മാനിച്ചത്. മത്സരത്തിൽ താരങ്ങളുടെ പ്രകടനം കണ്ടു നിരാശ പ്രകടിപ്പിച്ച ടീം ഉടമ കാവ്യ മാരന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇന്നലെ ബാറ്റിംഗിൽ വന്ന പിഴവുകൾ കൊണ്ടാണ് സൺറൈസേഴ്സിന് വിജയം അസാധ്യമായത് എന്നാണ് മുൻ താരങ്ങളുടെ വിലയിരുത്തൽ. ഇന്നലെ സൺറൈസേഴ്സിനായി ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനംകാഴ്ച വെച്ചത് നിതീഷ് കുമാർ റെഡ്‌ഡി 31 റൺസും, ഹെൻറിച്ച് ക്ലാസ്സൻ 27 റൺസും, പാറ്റ് കമ്മിൻസ് 22 റൺസും മാത്രമാണ്. ഓപ്പണർമാരായ അഭിഷേക് ശർമ്മ (18), ട്രാവിസ് ഹെഡ് (8) എന്നിവർ നേരത്തെ മടങ്ങി. കൂടാതെ ഇഷാൻ കിഷൻ 17 റൺസും നേടി പൊരുതാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.
ഗുജറാത്തിനായി ബോളിങ്ങിൽ മുഹമ്മദ് സിറാജ് മികച്ച പ്രകടനം കാഴ്ച വെച്ചു. 4 ഓവറിൽ 17 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. കൂടാതെ പ്രസിദ്ധ് കൃഷ്ണ, സായി കിഷോർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
ബാറ്റിംഗിൽ ഗുജറാത്തിനു തുടക്കം രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (61*) വാഷിംഗ്‌ടൺ സുന്ദർ (49) ഷെർഫെയ്ൻ റൂഥർഫോർഡ് (35) എന്നിവർ ടീമിനെ വിജയത്തിലെത്തിച്ചു. പോയിന്റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസാണ് രണ്ടാം സ്ഥാനത്ത്. ഇന്നലത്തെ തോൽവി കൊണ്ട് സൺറൈസേഴ്‌സ് ഹൈദരാബാദ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.