ഐപിഎല്‍ 2025: ലേല നിയമത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടായേക്കും, വമ്പന്മാര്‍ക്ക് കോളടിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ന് മുന്നോടിയായി ഫ്രാഞ്ചൈസി ഉടമകള്‍ മെഗാ ലേലത്തിന് തയ്യാറെടുക്കുകയാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മെഗാ ലേലം നടത്തണമെന്ന് ഫ്രാഞ്ചൈസി ഉടമകള്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിക്കുകയും ലേലത്തിന് മുമ്പ് നാല് മുതല്‍ ആറ് വരെ കളിക്കാരെ നിലനിര്‍ത്താനുള്ള അലവന്‍സ് ആവശ്യപ്പെടുകയും ചെയ്തു. 2025 ലേലത്തിന് മുന്നോടിയായുള്ള കളിക്കാരെ നിലനിര്‍ത്തുന്നതിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് സെഷനുകളില്‍ ഈ മാറ്റങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് മെഗാ ലേലം നടക്കുന്നത്. എന്നിരുന്നാലും, ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു നീണ്ട ഇടവേള ഫ്രാഞ്ചൈസികളെ തുടര്‍ച്ച നിലനിര്‍ത്താനും അണ്‍കാപ്പ്ഡ് കഴിവുകളെ പരിപോഷിപ്പിക്കാനും ആരാധകരുടെ ഇടപഴകല്‍ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചു.

എട്ട് ആര്‍ടിഎം വേണമെന്നും ടീം ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ അഞ്ച് താരങ്ങളെയാണ് ആകെ നിലനിര്‍ത്താനാവുക. മൂന്ന് താരങ്ങളെ നേരിട്ടും രണ്ട് താരങ്ങളെ ആര്‍ടിഎമ്മിലൂടെയും നിലനിര്‍ത്താം. എന്നാല്‍ ഇപ്പോള്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്നത് പ്രകാരം എട്ട് പേരെ ആര്‍ടിഎമ്മിലൂടെ വാങ്ങുകയും നേരിട്ട് ആരേയും നിലനിര്‍ത്താന്‍ അനുവദിക്കാതെയും നിയമം വരണമെന്നതാണ്.

ഇതിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ നിര്‍ദേശങ്ങളെല്ലാം ബിസിസിഐ വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം പല നിയമങ്ങളിലും മാറ്റം വന്നേക്കുമെന്നാണ് വിവരം.