IPL 2025: മോശമായിരുന്നു അല്ലെങ്കിൽ തന്നെ ഇപ്പോൾ വൻ ദുരന്തമായി, രണ്ട് ദിവസവും ആ ടീം കാണിച്ചത് മണ്ടത്തരം: മുഹമ്മദ് കൈഫ്

ഐപിഎൽ 2025 ലേലത്തിൽ വിൽ ജാക്‌സിനെ വാങ്ങാത്തതിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി)യെ മുഹമ്മദ് കൈഫ് വിമർശിച്ചു. ഐപിഎൽ 2024 ലെ ഫ്രാഞ്ചൈസിയുടെ പ്ലേഓഫിലേക്കുള്ള ഓട്ടത്തിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചാബ് കിംഗ്‌സുമായുള്ള (പിബികെഎസ്) കടുത്ത പോരാട്ടത്തിന് ശേഷം മുംബൈ ഇന്ത്യൻസ് (എംഐ) 5.25 കോടി രൂപയ്ക്ക് ജാക്‌സിനെ വാങ്ങി. ബിഗ്-ഹിറ്റിംഗ് ഓൾറൗണ്ടറെ വീണ്ടെടുക്കാൻ RCB-ക്ക് റൈറ്റ് ടു മാച്ച് കാർഡ് ഓപ്ഷൻ ഉണ്ടായിരുന്നെങ്കിലും, അവർ അത് ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയ്‌ക്കിടെ, താരത്തിനായി ആർടിഎം കാർഡ് ഉപയോഗിക്കേണ്ടതില്ലെന്ന ആർസിബിയുടെ തീരുമാനം ഞെട്ടിച്ചെന് കൈഫ് പറഞ്ഞു.

“കഴിഞ്ഞ വർഷം ജാക്ക്‌സ് അവരുടെ മാനം രക്ഷിച്ചു. അവൻ കാരണമാണ് ആർസിബി ആദ്യ നാലിൽ ഇടംപിടിച്ചത്. രണ്ട് മത്സരങ്ങൾ ഞാൻ ഓർക്കുന്നു. ഹൈദരാബാദിൽ എസ്ആർഎച്ചിനെ (സൺറൈസേഴ്‌സ് ഹൈദരാബാദ്) തൻ്റെ ബൗളിംഗിലൂടെ തോൽപ്പിക്കാൻ അദ്ദേഹം ആർസിബിയെ സഹായിച്ചു. ശേഷം ജിടി (ഗുജറാത്ത് ടൈറ്റൻസ്)ക്കെതിരെ സെഞ്ച്വറി നേടി ടീമിനെ സഹായിച്ചു. എന്നിട്ടും ടീം അവനായി ശ്രമിച്ചില്ല.” കൈഫ് പറഞ്ഞു.

“ആർസിബി കാണിച്ചത് മുഴുവൻ മണ്ടത്തരമാണ്. ഒരു പ്ലാനും ഇല്ലാതെയാണ് അവർ രണ്ട് ദിവസവും നിന്നത്. മികച്ച താരങ്ങളെ ആരും തന്നെ അവർ ലേലത്തിൽ എടുത്തില്ല. ഒറ്റക്ക് മത്സരം ജയിക്കാൻ കെൽപ്പുള്ള താരത്തെയും ഒപ്പം കൂട്ടിയില്ല.” കൈഫ് കൂട്ടിച്ചേർത്തു.

ഐപിഎൽ 2024 ലെ എട്ട് ഇന്നിംഗ്‌സുകളിൽ 175.57 സ്‌ട്രൈക്ക് റേറ്റിൽ 230 റൺസാണ് ജാക്ക്‌സ് അടിച്ചുകൂട്ടിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ അഹമ്മദാബാദിൽ നടന്ന 41 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയത് ആർസിബിയുടെ നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.