മോഹവില, അമ്പരപ്പിച്ച് ഇന്ത്യന്‍ യുവതാരങ്ങള്‍

ഐപിഎല്‍ താരലേലം പുരോഗമിക്കുമ്പോള്‍ മോഹവില സ്വന്തമാക്കി ഇന്ത്യന്‍ യുവതാരങ്ങള്‍. കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡ്യ, കരുണ്‍ നായര്‍, കേദര്‍ ജാദവ് എന്നിവരാണ് താരലേലത്തിലൂടെ കോടികള്‍ വാരിയത്.

അടിസ്ഥാന വിലയുടെ അഞ്ചിരട്ടിയ്ക്ക് 11 കോടി രൂപയ്ക്കാണ് രാഹുലിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്ന രാഹുലിന് പരിക്ക് കാരണം ഒരു മത്സരം പോലും കളിക്കാനായില്ല.

അതെസമയം മറ്റൊരു ഇന്ത്യന്‍ താരം മനീഷ് പാണ്ഡ്യയും നേട്ടം കൊയ്തു. 11 കോടി രൂപയ്ക്ക് സണ്‍റൈസസ് ഹൈദരാബാദാണ് ഈ മുന്‍ കൊല്‍ക്കത്തന്‍ താരത്തെ ടീമിലെത്തിച്ചത്.

കേദര്‍ ജാദവ് ആകട്ടെ 7.8 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സും കരുണ്‍ നായര്‍ 5.6 കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലും അഭ്യന്തര ക്രിക്കറ്റിലും ഇവര്‍ കാഴ്ച്ചവെക്കുന്ന ശ്രദ്ധേയ പ്രകടനമാണ് യുവതാരങ്ങള്‍ക്ക് കോടികള്‍ കൊയ്യാന്‍ അവസരം ഒരുക്കിയത്.