മോശം പരിപാടിയായി പോയി സിറാജേ ഇത്, ഇന്ത്യൻ താരത്തിന്റെ പ്രവൃത്തിയിൽ ആരാധകർ അസ്വസ്ഥർ; പണി കിട്ടാൻ സാധ്യത

രണ്ടാം ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിൻ്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ മത്സരം ആവേശകരമായി മുന്നോട്ട് പോകുകയാണ്. ഇന്ത്യയുടെ പേസർ മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയൻ നമ്പർ 3 മാർനസ് ലബുഷാഗ്‌നെയുമായി ഏറ്റുമുട്ടിയ വിഡിയോയാണ് ഇന്നത്തെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിൽ ഒന്ന്. തൻ്റെ പത്താം ഓവർ എറിഞ്ഞ സിറാജ് ഇന്നിംഗ്‌സിലെ തന്റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുക ആയിരുന്നു അപ്പോൾ.

ഓവറിലെ അവസാന പന്ത് എറിയാൻ സിറാജ് റൺ അപ്പ് പൂർത്തിയാക്കി ക്രീസിലേക്ക് എത്തിയപ്പോൾ ലബുഷാഗ്‌നെ ക്രീസിൽ നിന്ന് പിന്മാറി . എന്നിരുന്നാലും അതൃപ്തനായ സിറാജ് ഓസീസ് ബാറ്റർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞു. ഇത് ഇരു കളിക്കാരും തമ്മിൽ ചെറിയ വാക്കേറ്റത്തിലേക്ക് നയിക്കുകയും ചെയ്തു.

അതേസമയം ഗാലറിയിൽ നിന്ന ആരാധകരിൽ ഒരാൾ ഉണ്ടാക്കിയ ബുദ്ധിമുട്ട് കാരണമാണ് ലബുഷാഗ്‌നെ പിന്മാറിയത്. ഇത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. നിർഭാഗ്യവശാൽ, സിറാജിനെ സംബന്ധിച്ചിടത്തോളം, വഴക്കിന് ശേഷമുള്ള അടുത്ത ഡെലിവറി ലാബുഷാഗ്ന ബൗണ്ടറി അടിച്ചതോടെ സിറാജിന് ദേഷ്യം കൂടി. 10 ഓവറിൽ 0/29 എന്ന കണക്കിൽ അവസാനിച്ച അദ്ദേഹത്തിൻ്റെ സ്പെല്ലിൻ്റെ അവസാന ഓവറായി ഇത് മാറി.

അതിനിടെ, ഓസ്‌ട്രേലിയ ആദ്യ ദിനത്തിൻ്റെ ഭൂരിഭാഗവും ആധിപത്യം പുലർത്തി, ഇന്ത്യയുടെ 180 ന് മറുപടിയായി 33 ഓവറിൽ 86/1 എന്ന നിലയിൽ നിൽക്കുകയാണ്.