ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്നില്‍ ചാർത്തപ്പെട്ട പാപക്കറ വേള്‍ഡ് കപ്പ് സെമിഫൈനലില്‍ കഴുകിക്കളഞ്ഞ ഇന്ത്യന്‍ താരം

അജയ് ചിങ്ങോലി

1988 ഡിസംബര്‍ 6 നു മഞ്ഞു പെയ്യുന്ന ഒരു രാത്രിയില്‍, നവകം-ഖേദിലെ (ജാംനഗര്‍, ഗുജറാത്ത് ) ഒരു ഹോസ്പിറ്റല്‍ വരാന്തയില്‍ ഇരിപ്പിടം പിടിച്ച അനിരുദ്ധിന്റെ കാതുകളിലേക്ക് പെട്ടെന്നാണ് ഒരു സന്തോഷവാര്‍ത്ത എത്തിത്തുടങ്ങിയത്. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം തന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു. ഒരു ലോകം വെട്ടിപ്പിടിച്ച സന്തോഷത്തില്‍ മതിമറന്ന അയാളുടെ കൈകളിലേക്ക് എത്തപ്പെട്ട തന്റെ പൊന്നോമനയുടെ കണ്ണുകളില്‍ അനിരുദ്ധ് വായിച്ചെടുത്തത് ഒരു യോദ്ധാവിന്റെ ചിത്രം തന്നെ ആയിരുന്നു..

‘തന്റെ മകന്‍ ഭാവിയില്‍ ഇന്ത്യന്‍ പട്ടാളത്തിലെ ഒരു വലിയ ആര്‍മി ഓഫീസര്‍ പദവിയില്‍ എത്തുമെന്ന് ഹോസ്പിറ്റല്‍ വരാന്തയില്‍ കിനാവ് കണ്ട അനിരുദ്ധില്‍ നിന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ജാതകം കുറിക്കപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിലെ വാച്ച്മാനായ അച്ഛന്‍ അനിരുദ്ധിന്റെയും നേഴ്‌സ് ആയ അമ്മ ലതയുടേയും വാത്സല്യനിധി ആയി, ചേച്ചിമാരുടെ കൈ പിടിച്ചു വളര്‍ന്ന കുഞ്ഞു ജഡേജ പെട്ടെന്നാണ് ക്രിക്കറ്റ് എന്ന മായാ ലോകത്തേക്ക് എത്തിപ്പെട്ടത്..

Ravindra Jadeja Shows Why He's An ODI Regular For India | Wisden

കുട്ടിക്കാലത്തെ തന്റെ ക്രിക്കറ്റ് പ്രാന്ത് പലപ്പോഴും വിലക്കിയ മാതാപിതാക്കളുടെ ശകാരം ആ കുഞ്ഞു മനസിനെ പലപ്പോഴും വേദനിപ്പിച്ചെങ്കിലും, ക്രിക്കറ്റില്‍ നിന്നും പിന്മാറാന്‍ അവന്‍ ഒരിക്കല്‍ പോലും തയ്യാറായില്ല. ക്രിക്കറ്റ് പ്രാണവായു ആയി കരുതുന്ന തന്റെ മകന്റെ നിര്‍ബന്ധത്തിനു മുന്നില്‍ അവസാനം ആ അമ്മക്ക് കീഴടങ്ങേണ്ടി വന്നു. അച്ഛന്റെയും അമ്മയുടേം തുച്ഛമായ വരുമാനത്തില്‍ നീങ്ങിയിരുന്ന സാധു കുടുംബം, അഞ്ചു വയറുകള്‍ പോറ്റേണ്ട പെടാപ്പാടില്‍ മകന്റെ ആഗ്രഹത്തിനായി ആ അമ്മ തന്റെ വരുമാനത്തില്‍ നിന്നു മാറ്റിവെച്ച മുഷിഞ്ഞ നോട്ടുകള്‍ കൊണ്ട് വാങ്ങി കൊടുത്ത ക്രിക്കറ്റ് ബാറ്റില്‍ നിന്നായിരുന്നു ജഡേജയുടെ ക്രിക്കറ്റ് കരിയറിന് ആദ്യാക്ഷരം കുറിക്കപ്പെട്ടത്..

Ravindra Jadeja's Family - Father, Mother, Siblings, Wife, Daughter

‘പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ്’ എന്ന കെജിഫ് സിനിമയുടെ ഡയലോഗിന് ചുവടു പിടിച്ച ജഡേജ എത്തിപ്പെട്ടത് ആ ഗ്രാമത്തില്‍ തന്നെ ആര്‍മിയില്‍ നിന്നും വിരമിച്ചു വന്ന ഒരു ഓഫീസര്‍ നടത്തുന്ന ഒരു ക്രിക്കറ്റ് അക്കാദമിയിലേക്കു.’ പാവപെട്ട കുട്ടികളുടെ ക്രിക്കറ്റ് സ്വപ്നം ഊട്ടി ഉറപ്പിക്കുന്ന ആ മഹാനായ ആര്‍മി ഓഫീസര്‍, ജഡേജയുടെ ക്രിക്കറ്റ് സ്വപ്നത്തെ മനസ്സിലാക്കുകയും അവനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു…

ഒരു സാധാരണ കുട്ടിയില്‍ നിന്നും ഒരു മികച്ച ക്രിക്കറ്ററിലേക്കു ജഡേജയുടെ യാത്ര തുടങ്ങിയത് ആ ആര്‍മി ഓഫീസറില്‍ നിന്നും ആര്‍ജ്ജിച്ച ഊര്‍ജ്ജത്തില്‍ നിന്നു തന്നെയെന്ന് നമുക്ക് നിസ്സംശയം പറയാം, അയാള്‍ നേടി കൊടുത്ത ക്രിക്കറ്റ് പാഠങ്ങള്‍ കൊണ്ട് മുന്നേറിയ ജഡേജക്ക് മുന്നില്‍ അപ്രതീക്ഷിതമായി ആണ് അമ്മയുടെ വിയോഗം കടന്നു വരുന്നത്, അപകടത്തില്‍ മരിച്ച അമ്മയുടെ ചിതയ്ക്ക് മുന്നില്‍ വാവിട്ടു കരഞ്ഞ ആ കൗമാരക്കാരന്റെ ജീവിതവും ക്രിക്കറ്റ് കരിയറും ആ ചിതയില്‍ എരിഞ്ഞു തീരുമെന്ന ഘട്ടത്തില്‍, അവനെ ചേര്‍ത്തു പിടിച്ചു കൊണ്ട് മൂത്ത സഹോദരി അവന്റെ ക്രിക്കറ്റ് സ്വപ്നത്തെ വീണ്ടും ഊട്ടി ഉറപ്പിച്ചു..

Ravindra Jadeja's Family - Father, Mother, Siblings, Wife, Daughter

ജഡേജയുടെ അമ്മസ്ഥാനം മൂത്ത സഹോദരി ഏറ്റെടുത്തതോടെ, പാതിവഴിയില്‍ അവസാനിച്ചു പോകുമായിരുന്ന അവന്റെ ക്രിക്കറ്റ് കരിയര്‍ വീണ്ടും പഴയ ട്രാക്കിലേക്ക് മാറി തുടങ്ങി. ഒരു യോദ്ധാവിന്റെ എല്ലാ ലക്ഷണവും പ്രകടമായ ജഡേജ എന്ന ഓള്‍ റൗണ്ടര്‍ U19 ക്രിക്കറ്റിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് എന്ന വലിയ സമുദ്രത്തിലേക്ക് നീന്തി തുടങ്ങിയപ്പോള്‍ തുണയേകിയത് 2008 U19 വേള്‍ഡ് കപ്പിലെ മിന്നുംപ്രകടനം ആയിരുന്നു..

Hardik Pandya opens up about Ravindra Jadeja running him out in the 2017 ICC Champions Trophy final

2006 യില്‍ സൗരാഷ്ട്രക്ക് വേണ്ടി ആഭ്യന്തര ടൂര്‍ണമെന്റില്‍ അരങ്ങേറിയ ജഡേജ , 2009 യില്‍ ശ്രീലങ്കക്ക് എതിരെ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചു.. ഒരു ക്രിക്കറ്റര്‍ എന്ന പദത്തിനേക്കാള്‍ ഒരു വാരിയര്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭാശാലി. ചുരുങ്ങിയ സമയംകൊണ്ട് ആഭ്യന്തര മത്സരങ്ങളില്‍ നേടിയെടുത്ത മൂന്ന് ട്രിപ്പിള്‍ സെഞ്ചുറികളും, ടെസ്റ്റ്, ഏകദിന,T20 മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളും അയാളുടെ ഖ്യാതി വളരെ അധികം ഉയര്‍ത്തിയെങ്കിലും 2017 യിലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാണ്ട്യയുടെ റണ്‍ഔട്ട് ജഡേജ എന്ന ക്രിക്കറ്ററെ ഇന്ത്യന്‍ ജനതയുടെ ശാപവാക്കുകള്‍ കൊണ്ട് മൂടി..
എന്നാല്‍ കാലം കാത്തുവെച്ച വിധി ആ യോദ്ധാവിനെ 2019 വേള്‍ഡ് കപ്പിലെ സെമിഫൈനല്‍ തേടിയെത്തി, ചാമ്പ്യന്‍സ് ട്രോഫിയില്‍ വില്ലനായി മുദ്ര കുത്തപ്പെട്ടവന്‍ വേള്‍ഡ് കപ്പില്‍ ജനമനസുകളില്‍ സ്ഥാനം പിടിച്ച കാഴ്ച.

What Ravindra Jadeja did after his half-century will blow your mind

മത്സരത്തില്‍ ഉടനീളം മികച്ച ബാറ്റിംഗ് പുറത്തെടുത്ത അദ്ദേഹത്തിന് ഇന്ത്യയെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കിലും  ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്നില്‍ ചാർത്തപ്പെട്ട പാപക്കറ വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ കഴുകിക്കളയാന്‍ അയാള്‍ക്ക് സാധിച്ചു..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7