ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) യഷ് ദയാലിൻ്റെ യാത്ര കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള യുവ ഫാസ്റ്റ് ബൗളർ 2023 ൽ ഗുജറാത്ത് ടൈറ്റൻസ് ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു, ആദ്യ കുറച്ച് മത്സരങ്ങളിൽ അദ്ദേഹം മികച്ച പോരാട്ട വീര്യം കാണിച്ചു. എന്നിരുന്നാലും, സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ റിങ്കു സിംഗ് യാഷ് എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്‌സറുകൾ പറത്തി ടീമിന് അപ്രതീക്ഷിത ജയം സമ്മാനിക്കുമ്പോൾ അവിടെ ഗുജറാത്ത് ബോളർ തളർന്ന് വീഴുക ആയിരുന്നു. ആ മത്സരത്തിന് ശേഷം താരം ശേഷിച്ച ഒരൊറ്റ മത്സരം പോലും കളിച്ചിരുന്നില്ല. എന്നാൽ ഐപിഎൽ 2024 ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരത്തെ 5 കോടി രൂപയ്ക്ക് എടുത്തത് പലരെയും അത്ഭുതപ്പെടുത്തി.
ആർസിബി എടുത്ത ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്ന് എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. പക്ഷേ ടൂർണമെൻ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ഫ്രാഞ്ചൈസിക്കായി 15 വിക്കറ്റ് വീഴ്ത്തുകയും ചെയ്തുകൊണ്ട് അദ്ദേഹം അവരുടെ വിശ്വാസത്തിന് പ്രതിഫലം നൽകി. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ആർസിബിയിൽ ചേരുമ്പോൾ തൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി വഹിച്ച പങ്ക് ദയാൽ വെളിപ്പെടുത്തി, കൂടാതെ ടീമിലെ യുവതാരങ്ങളെ കോഹ്‌ലി അങ്ങേയറ്റം സുഖകരമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
“കോഹ്‌ലി എന്നോട് പറഞ്ഞ ഏറ്റവും വലിയ കാര്യം സീസൺ മുഴുവൻ എന്നെ പിന്തുണയ്ക്കുമെന്നതാണ്. ഞാൻ ഒരു പുതിയ സ്ഥലത്തേക്ക് വന്നതായി എനിക്ക് തോന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, അവൻ എന്നെ പൂർണ്ണമായും പിന്തുണച്ചു. അതിനാൽ ഇത് വലിയ ഉത്തേജനമായിരുന്നു. വളരെ ആരോഗ്യകരമായ രീതിയിലാണ് അദ്ദേഹം യുവാക്കളോട് സംസാരിക്കുന്നത്, ആളുകൾ ടിവിയിൽ സംസാരിക്കുന്നത് പോലെയല്ല കോഹ്‌ലി. അദ്ദേഹം ശരിക്കും ഒരു വലിയ മനസിന് ഉടമയാണ്” ദയാൽ പറഞ്ഞു.
അതേസമയം കോഹ്‌ലിയുടെ അടുത്ത അസൈൻമെന്റ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയാണ്. യാഷ് ആകട്ടെ ആർസിബി നിലനിർത്താൻ സാധ്യത ഇല്ല എന്നതിനാൽ ലേലത്തിലേക്ക് ഉറ്റുനോക്കും.